Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Commission Controversy

തെര.കമ്മീഷനിലെ പൊട്ടിത്തെറി; കത്തു ലഭിച്ചിട്ടും കുലുക്കമില്ലാതെ കാബിനറ്റ് സെക്രട്ടേറിയറ്റ്

ന്യൂഡൽഹി: രണ്ടു തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അവഗണിച്ച് ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു നടപ്പാക്കുന്നതു വ്യക്തമാക്കുന്ന കത്തുകൾ ലഭിച്ചിട്ടും കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ് കാര്യമായി ഇടപെട്ടില്ലെന്ന് വിവരാവകാശ രേഖ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത കൂടുതൽ വ്യക്തമാക്കുന്നവയാണ് ഈ കത്തുകൾ.

കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും എഴുതിയ കത്തുകളുടെ വിവരങ്ങളാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നത്. ഗ്യാനേഷ്കുമാറിന്‍റെ ഏകപക്ഷീയ നിലപാടുകളോടു മറ്റു രണ്ടു കമ്മീഷണർമാർക്ക് ശക്തമായ വിയോജിപ്പ് ഉണ്ടെന്നു വ്യക്തമാക്കുന്നതാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിന് അവർ നൽകിയ കത്തുകൾ.

 കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റംവരുത്തിയ സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗിന്‍റെ നടപടിയാണ് കമ്മീഷണർമാർ വെവ്വേറെ കത്തുകളിലൂടെ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയെ അറിയിച്ചത്. ഇത് ഏകപക്ഷീയ നീക്കങ്ങളാണെന്നും കമ്മീഷണർമാരുമായി കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കണമെന്ന നിയമത്തിന്‍റെ ലംഘനമാണെന്നും കത്തുകളിൽ ചൂണ്ടിക്കാണിച്ചിരുന്നു. കാബിനറ്റ് നിയമന സമിതിയാണ് മനീഷ് ഗാർഗിനെ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കു നിയോഗിച്ചത്. അതിനാൽ അവർക്ക് ഇടപെടാൻ സാഹചര്യമുണ്ടായിരുന്നു.
വിവരാവകാശപ്രവർത്തകൻ ലോകേഷ് ബത്രയാണ് കത്തുകളുടെ പകർപ്പുകൾ ശേഖരിച്ചത്.

കമ്മീഷണർമാരുമായോ ഉദ്യോഗസ്ഥരുമായോ ആലോചിക്കാതെ ഏകപക്ഷീയമായിട്ടാണ് ചുമതലകൾ മാറ്റിയതെന്നു കത്തുകളിൽ പറയുന്നു. അതേസമയം, കമ്മീഷനെ അറിയിക്കാതെയോ അംഗീകാരമില്ലാതെയോ ഇത്തരം മാറ്റങ്ങൾ വരുത്തരുതെന്ന് ഉദ്യോഗസ്ഥർക്കു വാക്കാലും രേഖാമൂലവും നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ചാണ് ഈ നടപടിയെന്നും ചൂണ്ടിക്കാണിക്കുന്നു.

നിയമപ്രകാരം കമ്മീഷനിലെ മൂന്ന് അംഗങ്ങളും ചേർന്നാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഭൂരിപക്ഷ അഭിപ്രായമാണ് തീരുമാനമായി വരേണ്ടത്. ഇവിടെ രണ്ടു കമ്മീഷണർമാർ ഒരേ നിലപാടെടുത്തിട്ടും അതിനു വിരുദ്ധമായാണ് കമ്മീഷനിലെ കാര്യങ്ങൾ നടന്നതെന്നു കത്തുകൾ സൂചിപ്പിക്കുന്നു.

എന്നാൽ, കത്ത് കിട്ടിയിട്ടും കാബിനറ്റ് സെക്രട്ടേറിയറ്റ് കാര്യമായി ഇടപെട്ടില്ലെന്നാണ് ആരോപണം. കത്ത് കൈപ്പറ്റിയെന്ന് കമ്മീഷണർമാരെ അറിയിച്ച കാബിനറ്റ് സെക്രട്ടറിയേറ്റ് ഇതുസംബന്ധിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൽനിന്ന് അഭിപ്രായം തേടാൻ തീരുമാനിച്ചതായും പറയുന്നു.

എന്നാൽ, ഇതിനു ഗ്യാനേഷ് കുമാർ മറുപടി നൽകിയോ എന്ന കാര്യം വ്യക്തമല്ല. തെരഞ്ഞെടുപ്പ് കമ്മീഷണർമാർ വെവ്വേറെ പരാതികൾ അയച്ചതിനാൽ അതിനെ കമ്മീഷന്‍റെ ഔദ്യോഗിക പരാതിയായി കണക്കാക്കാനാവില്ലെന്നും അതുകൊണ്ട് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നില്ലെന്നുമാണ് കാബിനറ്റ് സെക്രട്ടേറിയറ്റിന്‍റെ നിലപാട്. ഫലത്തിൽ കമ്മീഷൻ ഉത്തരവ് ലംഘിച്ച ഉദ്യോഗസ്ഥൻ ഇപ്പോഴും സുരക്ഷിതനായി ഇലക്ഷൻ കമ്മീഷനിൽ തുടരുന്നു.

Latest News

Corehub Up