തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ ചിഹ്നം പതിപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു.
പോളിംഗ് ഉദ്യോഗസ്ഥർക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഔദ്യോഗിക മാർഗനിർദ്ദേശങ്ങളടങ്ങിയ രേഖയിലാണ് ബിജെപിയുടെ താമര ചിഹ്നമുള്ള സീൽ പതിപ്പിച്ചത്. ഭരണഘടനാ സ്ഥാപനമായ തിെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്നും, ഇത്തരം സംഭവങ്ങൾ കമ്മീഷന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
എങ്ങനെയാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ മുദ്ര ഔദ്യോഗിക രേഖയിൽ വന്നതെന്ന് പരിശോധിക്കണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ഇത്തരമൊരു വീഴ്ച സംഭവിച്ചത് ഗൗരവകരമാണെന്നാണ് സർക്കാർ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്താൻ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു
Tags : Pinarayi Vijayan Kerala CEO Election Commission Controversy