ന്യൂഡൽഹി: ഒരു പാർട്ടിയുടെ സ്ഥാനാർഥിയായി വിജയിച്ചശേഷം മറ്റൊരു പാർട്ടിയിൽ ചേർന്നു മത്സരിക്കുന്നതിനായി രാജിവയ്ക്കുന്ന ജനപ്രതിനിധികളിൽനിന്ന് ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകുമോയെന്നു പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
വിഷയം സംബന്ധിച്ച ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ ഉൾപ്പടെയുള്ള കക്ഷികളിൽനിന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മറുപടി തേടി.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ അണ്ണാഡിഎംകെയിലെ ആറ് എംഎൽഎമാർ കാരണം വ്യക്തമാക്കാതെ രാജിവച്ചതും തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പ് പൊതുഖജനാവിനു വൻ സാമ്പത്തികബാധ്യത വരുത്തിവച്ചതും ചൂണ്ടിക്കാട്ടിയുള്ള ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.