Business
ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ഓല ഇലക്ട്രിക് ഏകദേശം അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി കമ്പനി ഉടമ ഭവിഷ് അഗർവാൾ അറിയിച്ചു. നിലവിൽ ഏകദേശം 3,500 ഓളം ജീവനക്കാരാണ് ഓല ഇലക്ട്രിക്കിൽ ജോലി ചെയ്യുന്നത്.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ കാര്യക്ഷമതയും വേഗവും അച്ചടക്കവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതിന്റ ഭാഗമായാണ് ഈ നടപടിയെന്നു അറിയിച്ചു.
നിലവിൽ രാജ്യത്തുടനീളം 80 ശതമാനത്തിലധികം സർവീസ് പരാതികൾ ഹൈപ്പർ സർവീസ് പദ്ധതിയിലൂടെ അന്നുതന്നെ പരിഹരിക്കാൻ സാധിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.
ഇതിനുമുന്‍പും കമ്പനിയുടെ നഷ്ടം കുറയ്ക്കാനായി 2025 മാർച്ചിൽ കരാർ തൊഴിലാളികൾ ഉൾപ്പെടെ ആയിരത്തിലധികം പേരെയും 2024 നവംബറിൽ വിവിധ വകുപ്പുകളിലായി 500ലധികം പേരെയും കമ്പനി പിരിച്ചുവിട്ടിരുന്നു.
Kerala
കോഴിക്കോട്: ഇലക്ട്രിക് സ്കൂട്ടറും ഇന്നോവ കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയും ഓമശേരി തറോല്‍ സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന് നമ്പൂതിരി (63) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച നെല്ലിക്കാപറമ്പ്-എയര്‍പോര്‍ട്ട് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. ശ്രീധരന് നമ്പൂതിരി ഓടിച്ചിരുന്ന സ്കൂട്ടറില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടിക്ക് ശേഷം വൈകുന്നേരത്തോടെ സംസ്കരിക്കും. ഭാര്യ: ഇന്ദിര. മക്കള്‍: ശ്രീരാജ്, ശ്രീഹരി.
Business
കൊച്ചി: ഇന്ത്യയിലെ മുൻനിര വൈദ്യുത ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി ലിമിറ്റഡ് 2026 സാമ്പത്തികവർഷത്തിന്റെ അവസാനത്തോടെ ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ ശൃംഖല 700 എക്സ്പീരിയൻസ് സെന്ററുകളായി (ഇസി) വർധിപ്പിക്കും. ഇതോടെ ഏഥറിന്റെ നിലവിലെ സാന്നിധ്യം ഇരട്ടിയാക്കും. ഇതു രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഏഥർ സ്കൂട്ടർ അറിയുന്നതിനും ടെസ്റ്റ് റൈഡ് ചെയ്യുന്നതും സ്വന്തമാക്കുന്നതും എളുപ്പമാക്കുമെന്ന് അധികൃതർ അറിയിച്ചു.