ബംഗളൂരു: ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ വയോധികൻ മരിച്ചു. കർണാടകയിലെ അൾസൂരിലാണ് വീടിനുള്ളിൽ വച്ച് പൊട്ടിത്തെറിച്ചത്. ഓട്ടോ ഡ്രൈവറായ ലൂർദ് നാഥാൻ (65) ആണ് മരിച്ചത്.
ലൂർദിന്റെ മൂത്ത മകൻ ഫ്രാങ്ക് ആന്റണിയുടെതായിരുന്നു ഇലക്ട്രിക് സ്കൂട്ടർ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഓട്ടോ ഓടിക്കുന്നത് നിർത്തി വീട്ടിൽ വിശ്രമത്തിലായിരുന്നു നാഥൻ. സ്കൂട്ടർ ചാർജ് ചെയ്യാൻ വച്ച ശേഷം അദ്ദേഹം അതിനരികിൽ തന്നെ ഉറങ്ങാൻ കിടന്നു. വീടിന്റെ താഴത്തെ നിലയിലായിരുന്നു ലൂർദ് ഉറങ്ങിയിരുന്നത്. മകനും ഭാര്യയും മുകളിലത്തെ നിലയിലായിരുന്നു.
നാല് മണിക്കൂർ ചാർജ് ചെയ്ത ശേഷം ലൂർദ് ചാർജർ ഓഫ് ചെയ്തു. ഉടൻ തന്നെ സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയും തീ പടരുകയും ചെയ്തു. സ്ഫോടന ശബ്ദം കേട്ട് ഫ്രാങ്കും ഭാര്യയും ഓടിയെത്തി തീ അണച്ചെങ്കിലും ടെലിവിഷനും കസേരകളും കത്തി നശിച്ചു.
ഗുരുതരമായി പൊള്ളലേറ്റ ലൂർദിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : die electric scooter explodes