മുംബൈ: രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഉത്പാദന ശേഷി വൻതോതിൽ വർധിപ്പിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ്.
2027-28 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയോടെ പ്രതിവർഷം 10 ലക്ഷം വീതം ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനുള്ള ശേഷി കൈവരിക്കാനാണ് ഈ മൂന്നു മുൻനിര കമ്പനികളും ലക്ഷ്യമിടുന്നത്. മുന്പ് സ്റ്റാർട്ടപ്പുകൾ ഭരിച്ചിരുന്ന ഇവി വിപണിയുടെ 60 ശതമാനത്തിലധികം വിഹിതവും ഇപ്പോൾ ഈ പരമ്പരാഗത നിർമാതാക്കളുടെ കൈകളിലാണ്.
►പ്രതിമാസ ഉത്പാദനം ഇരട്ടിയാക്കാൻ ലക്ഷ്യം
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് കണക്കുകൾ പ്രകാരം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ടിവിഎസ് പ്രതിമാസം ശരാശരി 40,388 യൂണിറ്റുകളും, ബജാജ് 34,962 യൂണിറ്റുകളും, ഹീറോ 17,036 യൂണിറ്റുകളും വിറ്റഴിച്ചിട്ടുണ്ട്.
നിലവിലെ വിൽപനയേക്കാൾ ഇരട്ടിയിലധികം ഉത്പാദന ശേഷിയാണ് കമ്പനികൾ ആസൂത്രണം ചെയ്യുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തോടെ പ്രതിമാസ ഉത്പാദനം 80,000 യൂണിറ്റുകളാക്കി ഉയർത്താനാണ് ബജാജ് ലക്ഷ്യമിടുന്നത്. നിലവിലെ 60,000-65,000 യൂണിറ്റുകളിൽനിന്ന് പ്രതിമാസ ശേഷി 80,000 ആയി ഉയർത്തുമെന്ന് ടിവിഎസ് സിഇഒ കെ.എൻ. രാധാകൃഷ്ണനും വ്യക്തമാക്കി. അടുത്ത സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തോടെ പ്രതിമാസം 80,000 യൂണിറ്റുകൾ എന്ന നാഴികക്കല്ല് പിന്നിടാനാണ് ഹീറോ മോട്ടോകോർപ്പിന്റെ പദ്ധതി.
►കിതച്ച് സ്റ്റാർട്ടപ്പുകൾ
ഫാഡയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 26 ശതമാനം വിപണി വിഹിതവുമായി ടിവിഎസ് മോട്ടോർ ഒന്നാം സ്ഥാനത്തും, 22 ശതമാനവുമായി ബജാജ് ഓട്ടോ രണ്ടാം സ്ഥാനത്തും, 11 ശതമാനവുമായി ഹീറോ മോട്ടോകോർപ്പ് മൂന്നാം സ്ഥാനത്തുമാണ്. അതേസമയം, ആദ്യകാലത്ത് വിപണി നിയന്ത്രിച്ചിരുന്ന പല പ്രമുഖ സ്റ്റാർട്ടപ്പുകൾക്കും വലിയ തിരിച്ചടിയാണ് നേരിട്ടത്.
2023-24 സാമ്പത്തിക വർഷത്തിൽ 54 ശതമാനം വിപണി വിഹിതമുണ്ടായിരുന്ന ഓല ഇലക്ട്രിക്കിന്റെ വിഹിതം ഇപ്പോൾ വെറും ഏഴു ശതമാനമായി ഇടിഞ്ഞു. പ്രതിവർഷം 10 ലക്ഷം യൂണിറ്റുകൾ നിർമിക്കാനുള്ള സൗകര്യമുണ്ടെങ്കിലും ശേഷിയുടെ 20 ശതമാനത്തിൽതാഴെ മാത്രമാണ് നിലവിൽ ഓല ഉത്പാദനം നടത്തുന്നത്. ഹീറോ ഇലക്ട്രിക്, ഒക്കിനാവ തുടങ്ങിയ സ്റ്റാർട്ടപ്പുകളുടെ സംയുക്ത വിഹിതം ഒരു ശതമാനത്തിലും താഴെയായി കുറഞ്ഞു. എന്നാൽ സ്ഥിരതയാർന്ന പ്രകടനവുമായി മുന്നേറുന്ന ഏഥർ എനർജി മാത്രമാണ് സ്റ്റാർട്ടപ്പ് നിരയിൽ പിടിച്ചുനിൽക്കുന്നത്.
►ഇരുചക്ര ഇവി വിൽപനയിൽ കുതിപ്പ്
പെട്രോൾ വിലയിലെ അനിശ്ചിതത്വങ്ങളും കുറഞ്ഞ പ്രാരംഭ വിലയും വിശാലമായ ഡീലർഷിപ്പ് ശൃംഖലകളും ഇലക്ട്രിക് സ്കൂട്ടറുകളുടെ ആവശ്യകത കുത്തനെ ഉയർത്തിയിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിലെ 7.28 ലക്ഷം യൂണിറ്റുകളിൽനിന്ന് 2025-26ൽ വിൽപന 14 ലക്ഷം കടന്നിരുന്നു.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലും (ഏപ്രിൽ-സെപ്റ്റംബർ) 73 ശതമാനം വാർഷിക വളർച്ചയോടെ 11 ലക്ഷം വാഹനങ്ങൾ വിറ്റഴിഞ്ഞു. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വിൽപന 22.5 ലക്ഷം മുതൽ 25 ലക്ഷം വരെ എത്തുമെന്നും, ഇതോടെ രാജ്യത്തെ ആകെ ഇരുചക്ര വാഹന വിൽപനയുടെ 11-12 ശതമാനവും ഇലക്ട്രിക് വിഭാഗത്തിൽ നിന്നാകുമെന്നുമാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.