കോഴിക്കോട് : സർക്കാരിന്റെ ഭവനപദ്ധതിയിലൂടെ വീടുകൾ ലഭിച്ചിട്ടും വൈദ്യുതി കണക്ഷൻ ലഭിക്കാത്തത് കാരണം താമസിക്കാനാവുന്നില്ലെന്ന പരാതിയിൽ കെഎസ്ഇബിയുടെ ഉയർന്ന ഉദ്യോഗസ്ഥരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ഇക്കാര്യത്തിൽ സാങ്കേതിക തടസങ്ങൾ ഇല്ലെങ്കിൽ അടിയന്തരമായി കണക്ഷൻ നൽകണമെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.കോഴിക്കോട് കോർപറേഷൻ പരിധിയിൽ ബേപ്പൂർ തമ്പുരാൻപടി-മാറാട് പ്രദേശത്തെ മൂന്ന് ബിപിഎൽ കുടുംബങ്ങളാണ് വൈദ്യുതി ലഭിക്കാത്തതിനാൽ പിഎംഎവൈ പദ്ധതിയിൽ ലഭിച്ച വീട്ടിൽ താമസിക്കാൻ കഴിയാതെ വാടകവീട്ടിൽ കഴിയുന്നത്.
പുതിയ വീടുകളിലേക്ക് സമീപത്തെ റവന്യു ഭൂമിയിലൂടെ ലൈൻ വലിക്കാൻ അധികൃതരുടെ അനുമതി വൈകുന്നതാണ് പ്രധാന കാരണം. വില്ലേജ് ഓഫീസർ എൻഒസി നൽകിയിട്ടും തുടർനടപടികൾ ഉണ്ടാകാത്തതിനാൽ കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഈ കുടുംബങ്ങൾക്ക് സ്വന്തം വീട്ടിൽ താമസിക്കാനാവുന്നില്ല. അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയോ കൃത്യവിലോപമോ ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. 25 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.