തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ച വൈദ്യുതി പർച്ചേസ് വിവാദം സമവായത്തിലേക്ക്. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിഷയത്തിൽ മഞ്ഞുരുകിയത്. മന്ത്രിമാരായ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കെഎസ്ഇബി എംഡിയുമായി മുഖ്യമന്ത്രി പ്രത്യേകമായി ചർച്ച നടത്തിയെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു.
ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് കൂടിക്കാഴ്ച നടന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലെന്നും അടുത്ത രണ്ടുമാസത്തേക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയിൽ സണ്ണി ജോസഫ് എതിർപ്പുകളൊന്നും ഉന്നയിച്ചില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അതേസമയം ഭാവിയിലെ വൈദ്യുതി ആവശ്യകത മുന്നിൽക്കണ്ട് പുതിയ കരാറിന്റെ സാധ്യതകൾ പരിശോധിക്കാനും ധാരണയായി.
ബോർഡ്-കോർപറേഷൻ യോഗത്തിനിടെയാണ് വൈദ്യുതി പർച്ചേസ് വിവാദവും ചർച്ചയായത്. രമേശ് ചെന്നിത്തലയും ചർച്ചയിൽ പങ്കെടുത്തു. ജിഎൻഎയുമായുള്ള വൈദ്യുതി കരാർ റദ്ദാക്കിയതും ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കവുമാണ് വിവാദത്തിന് വഴിവെച്ചത്. ജിഎൻഎ കരാർ പിൻവലിച്ച വിവരം താൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന മന്ത്രി സണ്ണി ജോസഫിന്റെ തുറന്നുപറച്ചിൽ വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു.
വൈദ്യുതി ബോർഡിന്റെ തീരുമാനങ്ങൾ തന്നെ അറിയിക്കാതെയാണ് മുന്നോട്ടുപോയതെന്ന മന്ത്രിയുടെ അതൃപ്തിയും ഇതോടെ പരസ്യമായി. വൈദ്യുതി ബോർഡ് ചെയർമാനും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനങ്ങളെടുത്തുവെന്ന വാർത്തകളിൽനിന്നാണ് ഇക്കാര്യം മനസിലാക്കിയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. വൈദ്യുതി ബോർഡ് അയച്ച ഫയൽ തനിക്ക് കൈമാറിയത് മന്ത്രിയാണെന്നും തീരുമാനമെടുത്തശേഷം ഫയൽ മന്ത്രിക്ക് തന്നെ തിരിച്ചയച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തുടർന്ന് മന്ത്രി തന്നെയാണ് ഫയൽ ബോർഡിന് കൈമാറിയതെന്നും അദ്ദേഹം വിശദീകരിച്ചു. വിവാദങ്ങൾക്കിടെ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് കഴിഞ്ഞ ദിവസം മന്ത്രി സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുവരെ ഉണ്ടായ സംഭവവികാസങ്ങൾ ചെയർമാൻ മന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. ഇതിന് പിന്നാലെയാണ് ക്ലിഫ് ഹൗസിൽ നിർണായക ചർച്ച നടന്നത്. നിലവിൽ വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന ഉദ്യോഗസ്ഥരുടെ വിലയിരുത്തലിനൊപ്പം ഭാവിയിലെ ആവശ്യകത കൂടി കണക്കിലെടുത്ത് പുതിയ കരാർ സാധ്യതകൾ പരിശോധിക്കാനാണ് തീരുമാനം.