തിരുവനന്തപുരം: പകൽസമയത്ത് വൈദ്യുതിക്ക് കുറഞ്ഞ വിലയും രാത്രിയിലെ ഉയർന്ന വൈദ്യുതി ആവശ്യകതയുള്ള സമയത്ത് ഉയർന്ന വിലയും ഏർപ്പെടുത്തുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയ കരട് താരിഫ് റെഗുലേഷൻ പുറത്തിറക്കി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. 2027 മുതൽ 2032 വരെയുള്ള കാലയളവിലെ നിരക്ക് പരിഷ്കരണവുമായി ബന്ധപ്പെട്ടാണ് കരട് നിർദേശങ്ങൾ.
നിലവിലുള്ള 2021ലെ താരിഫ് റെഗുലേഷന്റെ കാലയളവ് 2026-27 സാന്പത്തികവർഷത്തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് കരട് റഗുലേഷനുകൾ തയാറാക്കിയത്.
സോളാർ വൈദ്യുതി കൂടുതലായി ലഭിക്കുന്ന പകൽ സമയത്ത് കുറഞ്ഞ നിരക്ക് ഏർപ്പെടുത്തി കൂടുതൽ ഉപയോക്താക്കളെ അന്നത്തെ വൈദ്യുതി ഉപയോഗത്തിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിർദേശം. നിലവിൽ മാസം 250 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് ടൈം ഓഫ് ഡേ സംവിധാനം ബാധകമാക്കിയിട്ടുള്ളത്. ഇതിന്റെ പരിധിയിലേക്ക് കുടുതൽ ഉപയോക്താക്കളെ കൊണ്ടുവന്നാൽ രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുറയ്ക്കാൻ കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള പുരപ്പുറ സോളാർ ഉപയോക്താക്കൾക്ക് പീക്ക് സമയത്ത് നിരക്കിളവ് നൽകുന്നതു സംബന്ധിച്ച നിർദേശം, ഫിക്സഡ് ചാർജ് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം, ഇന്ധന സർചാർജ് അതതു മാസംതന്നെ ഈടാക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം തുടങ്ങിയവ കരട് റെഗുലേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കെഎസ്ഇബിയുടെ കാര്യക്ഷമത, ഉത്തരവാദിത്വം, സേവനനിലവാരം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ചട്ടങ്ങൾ കരട് റെഗുലേഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹനം നൽകാനുള്ള വ്യവസ്ഥകളുമുണ്ട്. കൂടാതെ, കാര്യക്ഷമമായ വൈദ്യുതി സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനും വൈദ്യുതി വാങ്ങൽ ചെലവ് കുറയ്ക്കുന്നതിനുമുള്ള നിർദേശങ്ങളുമുണ്ട്.
വൈദ്യുതി വിതരണ, പ്രസരണ മേഖലകളിലെ പ്രവർത്തപരിപാലന ചെലവുകൾ നിർണയിക്കുന്നതിനുള്ള രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഊർജസംഭരണ സംവിധാനങ്ങളുടെ താരിഫ് നിർണയിക്കുന്നതിനായി സമഗ്രമായി ചട്ടക്കൂട് നിർദേശിച്ചിട്ടുണ്ട്. 2021ലെ താരിഫ് റെഗുലേഷനുകൾ വിജ്ഞാപനം ചെയ്തതിനുശേഷം വൈദ്യുതി മേഖലയിലുണ്ടായ മാറ്റങ്ങളും, സിഇആർസി, സിഇഎ പുറപ്പെടുവിച്ച റെഗുലേഷനുകളും, കേന്ദ്ര സർക്കാരിന്റെ ചട്ടങ്ങളും കൂടി കണക്കിലെടുത്താണ് കരട് റെഗുലേഷനുകൾ തയാറാക്കിയത്.
കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ റെഗുലേഷൻ 2026ന്റെ കണ്സൾട്ടേഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് മുഖേന സെപ്റ്റംബർ 18ന് മുന്പായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് കമ്മീഷന്റെ ഓഫീസ് സമയത്ത് പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിൽ (0471-2735544) ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ കമ്മീഷന്റെ വെബ്സൈറ്റിലും ലഭ്യമാണ്. കൂടാതെ തപാൽ മുഖേനയും ഇ-മെയിൽ [email protected] മുഖേനയും സെപ്റ്റംബർ 25 വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാമെന്നും കമ്മീഷൻ അറിയിച്ചു.