കാറ്റടിച്ചാല്‍ കറന്റ് പോകും... കറന്റടിച്ചാല് കാറ്റു പോകും! മലയാളി പണ്ടു മുതൽ കേള്‍ക്കുന്ന ചൊല്ലുകളിലൊന്ന്. ഇവിടെ കറന്റ് അടിക്കേണ്ടിവന്നില്ല, മേടിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ത്തന്നെ തമ്മിലടി തുടങ്ങി. ഈ അടിയില്‍ ആരുടെയൊക്കെ കാറ്റ് പോകുമെന്ന് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. ഇലക്ട്രിക് പോസ്റ്റില്‍ റെസ്റ്റ് എടുത്തിരുന്ന പാമ്പിനെ മന്ത്രിസഭയിലേക്കുള്ള സര്‍വീസ് വയറാക്കി ഇട്ടപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍.
വാങ്ങാത്ത കറന്റിന് ഇത്രയും കടുപ്പത്തിൽ ഷോക്ക് ആണെങ്കില്‍ ഇനി എങ്ങാനും വാങ്ങിയിരുന്നെങ്കിൽ പലരുടെയും കസേരതന്നെ അടിച്ചുപോയേനെയെന്നാണ് പാര്ട്ടിക്കാര് പോലും അടക്കം പറയുന്നത്. ഇതിനിടെ, തനിക്കാരും ഷേക്ക് ഹാൻഡ് തരുന്നില്ലെന്നും മൈൻഡ് ചെയ്യുന്നില്ലെന്നുമാണ് കൺവീനറുടെ പരാതി. ഇവിടെ നടക്കുന്നതൊന്നും താൻ അറിയുന്നില്ലെന്ന ഷോക്കിലാണ് അദ്ദേഹം. നടക്കുന്നത് അറിയാൻ വേണ്ടിവന്നാൽ ഡൽഹി വരെ നടക്കാൻ തയാറായിട്ടാണ് അടൂർ അടർക്കളത്തിൽ ഇറങ്ങിയിരിക്കുന്നത്.
നടക്കുന്നതൊന്നും അറിയാത്തവരുടെ എണ്ണം കൂടിവരുന്ന സീസൺ ആണോയെന്നും സംശയമുണ്ട്. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കു റിപ്പോർട്ട് കൊടുത്ത കഥ പത്രത്തിൽ വന്നാണത്രേ ഇലക്ട്രിക് മന്ത്രി അറിഞ്ഞത്. ഇലക്ട്രിക് വണ്ടിക്കു പൊതുവേ ശബ്ദമില്ലല്ലോ. അതുകൊണ്ട് ഉദ്യോഗസ്ഥർ കെഎസ്ഇബിയുടെ വണ്ടിയെടുത്തു പോയ കാര്യം മന്ത്രി അറിഞ്ഞിട്ടുണ്ടാവില്ല. ഇനി ഉദ്യോഗസ്ഥർ പോകുന്പോൾ കെഎസ്ഇബിയുടെ വണ്ടിക്കു പകരം കെഎസ്ആർടിസിയുടെ വണ്ടിക്കു പൊയ്ക്കോ. അതാകുമ്പോൾ മന്ത്രി മാത്രമല്ല നാട്ടിലുള്ള മുഴുവൻ പേരും വണ്ടി പോയ കഥ അറിയും.
ഇതിനു മുന്‍പേ താനൊന്നുമറിഞ്ഞില്ലെന്നു പറഞ്ഞത് ആരോഗ്യമന്ത്രിയായിരുന്നു. കോഴിക്കോട്ട് നിപ വൈറസ് ബാധ പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ച വിവരം ഉദ്യോഗസ്ഥരെല്ലാം അറിഞ്ഞെങ്കിലും മന്ത്രി അറിഞ്ഞില്ല. നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന മട്ടിൽ മന്ത്രി പത്രക്കാരോടു വർത്തമാനം പറഞ്ഞുകഴിഞ്ഞപ്പോഴാണ് സ്ഥിരീകരിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞെന്ന വിവരം പുറത്തുവന്നത്. വകുപ്പിന്റെ ആരോഗ്യം തീരെ കുറഞ്ഞുനിൽക്കുന്പോഴാണ് തന്നെ പിടിച്ച് ഈ വകുപ്പിൽ അഡ്മിറ്റ് ചെയ്തതെന്നും അതിന്റേതായ പ്രശ്നങ്ങൾ ഉണ്ടെന്നും പറഞ്ഞ് മന്ത്രീധരൻ പണ്ടേ മുൻകൂർ ജാമ്യമെടുത്തതു ഭാഗ്യമായി.
ചുറ്റും നടക്കുന്നതൊന്നും അറിയാതെ ചുറ്റിപ്പോയ ആളുകൾ ഇനിയുമുണ്ട് ഈ മന്ത്രിസഭയിൽ. സാധാരണ മദ്യം ഉള്ളിൽച്ചെന്നു കഴിയുന്പോഴാണ് പലരും ചുറ്റും നടക്കുന്നതൊന്നും അറിയാതെ പോകുന്നത്. എന്നാൽ, ഇവിടൊരാൾ മദ്യവകുപ്പിന്റെ മന്ത്രിക്കസേരയിൽ ഇരുന്നുകഴിഞ്ഞപ്പോൾത്തന്നെ ചുറ്റും നടക്കുന്നതൊന്നും അറിയാൻ പറ്റാതായി. എക്സൈസ് വകുപ്പ് പലരോടും ചിയേഴ്സ് പറഞ്ഞതു പോലും ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാണ് മന്ത്രി അറിഞ്ഞത്. മദ്യനയം വരുന്നതിനു മുന്‍പേ കമ്മിഷണർ വിമാനത്താവളത്തിലെ പെഗിൽ വെള്ളമൊഴിച്ചതു ശരിയായില്ലെന്നാണ് മന്ത്രിയുടെ നിലപാട്. എന്റെ ടേബിൾ, എന്റെ ഗ്ലാസ്, എന്റെ വെള്ളം... പുതിയ ബാർ അനുവദിക്കാനുള്ള ഉത്തരവിടാൻ തനിക്ക് അധികാരമുണ്ടെന്നു കമ്മിഷണർ.
ബാറിൽ തൊട്ടാൽ പണ്ടേ കാര്യങ്ങൾ ബോറാണെന്നു പറയാറുണ്ടെങ്കിലും ഇത്ര പെട്ടെന്നു മന്ത്രിയും കമ്മിഷണറും നേർക്കുനേർ ചീറുമെന്ന് ആരും കരുതിയില്ല. എന്തായാലും കസേര തെറിക്കുമെന്ന് ഉറപ്പായതോടെ രണ്ട് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണത്തിന്റെ ടച്ചിംഗ്സ് ബാക്കിവച്ചിട്ടാണ് കമ്മിഷണർ കളമൊഴിഞ്ഞത്. കമ്മിഷണർ തെറിച്ചതോടെയെങ്കിലും മന്ത്രി എല്ലാമറിയുമെന്നു കരുതിയെങ്കിൽ തെറ്റി. നികുതിവകുപ്പ് ഹൈക്കോടതിയിൽ എക്സൈസ് വകുപ്പ് അറിയാതെ സത്യവാങ്മൂലം കൊടുത്തതാണ് അടുത്ത കഥ. ഇതിനിടെ, കെപിസിസി പ്രസിഡന്റിന്റെ കസേര ഒഴിവുണ്ടെന്നു കേട്ടപാടേ കൊടിക്കുന്നിൽ സുരേഷ് പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്. ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ ആരും കൈകഴുകരുതല്ലോ.
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുമെന്നു പഴമക്കാർ പറയുന്നതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രിമാരൊക്കെ ഒന്നുമറിയാതെയാണ് ചൊറിയുന്നതെങ്കിൽ അങ്ങ് ഡൽഹിയിൽ ഒരു മുഖ്യകമ്മിഷണർ എല്ലാമറിഞ്ഞിട്ടും ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ ഇരിക്കുന്നുണ്ട്. അതല്ലേ ഇരിപ്പ്!
മിസ്ഡ് കോൾ
ഉദ്യോഗാർഥികളുടെ സമരത്തോടു സർക്കാരിനു കാട്ടാളത്ത നിലപാടെന്ന് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ.
- വാർത്ത.
ആശാസമരം, തൂവൽസ്പർശം!