കോട്ടൂർ: ലോക ഗജദിനത്തോടനുബന്ധിച്ച് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിന് കീഴിലുള്ള കോട്ടൂർ എലിഫന്റ് റസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ ആനയൂട്ട് സംഘടിപ്പിച്ചു. പഞ്ചായത്തിലെ എബിപി റേഞ്ച് ഉൾപ്പെടുന്ന വാർഡിലെ അംഗം ജമീല പരിപാടി ഉദ്ഘാടനം ചെയ്തു.
എബിപി റേഞ്ച് ഡെപ്യൂട്ടി വാർഡൻ സൂരജ് ഭാസ്കർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷിജു എസ്.വി. നായർ, വെറ്റിനറി ഡോക്ടർ അരുൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കർക്കടക വാവുബലി അവധി ദിവസമായതിനാൽ തന്നെ വിപുലമായ ചടങ്ങുകൾ ഇത്തവണ ഗജദിനത്തിനുണ്ടായിരുന്നില്ല. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, മറ്റു വനംവകുപ്പ് ജീവനക്കാർ, ആന പാപ്പാന്മാർ, ഇഡിസി ഭാരവാഹികൾ,അംഗങ്ങൾ തുടങ്ങിയവരും ആര്യനാട് - നെടുമങ്ങാട് ലയൺസ് ക്ലബ് അംഗങ്ങൾ, കെജിവിഒ എ അംഗങ്ങളും പങ്കെടുത്തു.
ആനകളുടെ സംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ടായിരുന്നു ലോക ഗജ ദിനാചരണത്തിന്റെ ഭാഗമായി കോട്ടൂരിൽ ആനയൂട്ട് സംഘടിപ്പിച്ചത്.