മക്കളുടെ ഉന്നമനത്തിനായി സ്വന്തം ആഗ്രഹങ്ങളും ആവശ്യങ്ങളും മാറ്റിവെക്കുന്ന മാതാപിതാക്കളുടെ ത്യാഗം വിവരണാതീതമാണ്. അത്തരത്തിൽ തനിക്ക് തണലായി നിന്ന പിതാവിന് മകൾ തിരികെ നൽകിയ ഒരു സ്നേഹസമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കോടിക്കണക്കിന് ആളുകളുടെ മനംകവരുന്നത്.
മലേഷ്യയിലെ കോലാലംപൂരിൽ വെച്ച്, പിതാവിനായി താൻ സ്വന്തമായി വാങ്ങിയ പുതിയ വീടിന്റെ താക്കോൽ കൈമാറി അമ്പരപ്പിച്ച വാർത്ത പങ്കുവെച്ചത് മഹ്റുഖ് മൊഗൽ എന്ന യുവതിയാണ്.
'ഹ്യൂമൻസ് ഓഫ് ബോംബെ' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന ഈ വൈകാരിക നിമിഷത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
മറ്റൊരു ബന്ധു വാങ്ങിയ പുതിയ അപ്പാർട്ട്മെന്റ് സന്ദർശിക്കാനെന്ന വ്യാജേനയാണ് മഹ്റുഖും കുടുംബവും അച്ഛനെ അവിടെയെത്തിച്ചത്. എന്നാൽ, അവിടെവെച്ച് ഇത് അദ്ദേഹത്തിന് വേണ്ടിയുള്ള ഫാദേഴ്സ് ഡേ സമ്മാനമാണെന്ന് വെളിപ്പെടുത്തിയതോടെ ആ പിതാവ് അക്ഷരാർഥത്തിൽ സ്തംഭിച്ചുപോയി.
സന്തോഷവും അത്ഭുതവും അടക്കാനാവാതെ പൊട്ടിക്കരഞ്ഞ അദ്ദേഹത്തെ മകൾ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് വന്ന ദിവസങ്ങളിലും ഈ വലിയ സന്തോഷം ഓർത്ത് അദ്ദേഹം കണ്ണീരണിഞ്ഞിരുന്നതായി മകൾ ഓർത്തെടുക്കുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി കോർപ്പറേറ്റ് ട്രെയിനറായി ജോലി ചെയ്യുന്ന തന്റെ പിതാവായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയമെന്ന് മഹ്റുഖ് വ്യക്തമാക്കുന്നു.
സ്വന്തം സുഖസൗകര്യങ്ങൾ മാറ്റിവെച്ച് നാല് മക്കളെയും ഉയർന്ന നിലയിൽ പഠിപ്പിച്ച അദ്ദേഹം, മകളുടെ ആഗ്രഹപ്രകാരം തായ്ലാന്റിലും ദക്ഷിണ കൊറിയയിലും പോയി ഉപരിപഠനം നടത്തുന്നതിനും വലിയ പിന്തുണയാണ് നൽകിയത്.
ജീവിതകാലം മുഴുവൻ വാടകവീടുകളിൽ കഴിഞ്ഞ മാതാപിതാക്കൾക്ക് സ്വന്തമായൊരു വീട് നൽകണമെന്നത് മഹ്റുഖിന്റെ വലിയൊരു സ്വപ്നമായിരുന്നു. 2023-ൽ ജോലിയിൽ പ്രവേശിച്ചതുമുതൽ ഇതിനായി കൃത്യമായി തുക നീക്കിവെച്ചാണ് മഹ്റുഖ് ഈ ലക്ഷ്യം കൈവരിച്ചത്.
വീട് തിരഞ്ഞെടുക്കുന്ന വേളയിൽ, മക്കൾക്കായി ഏറെ ത്യാഗങ്ങൾ സഹിച്ച അമ്മയെയാണ് തനിക്കൊപ്പം കൂട്ടിയതെന്നും അവർക്ക് ഇഷ്ടപ്പെട്ട വീടാണ് വാങ്ങിയതെന്നും യുവതി പറയുന്നു.
കോലാലംപൂർ നഗരത്തിന്റെ മനോഹരമായ കാഴ്ച നൽകുന്ന അപ്പാർട്ട്മെന്റിന്റെ നമ്പർ, യാദൃച്ഛികമായി പിതാവിന്റെ ജന്മദിന തീയതി തന്നെയായിരുന്നു എന്നതും ഈ സമ്മാനത്തിന്റെ മാറ്റുകൂട്ടി.
തുടക്കത്തിൽ ജന്മദിനത്തിൽ സർപ്രൈസ് നൽകാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും, രജിസ്ട്രേഷൻ നടപടികൾ ഫാദേഴ്സ് ഡേയ്ക്ക് തൊട്ടുമുമ്പ് പൂർത്തിയായതോടെ അന്നേദിവസം തന്നെ താക്കോൽ കൈമാറാൻ തീരുമാനിക്കുകയായിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം അച്ഛനെ കബളിപ്പിച്ച് അപ്പാർട്ട്മെന്റിലെത്തിച്ച് താക്കോൽ കൈകളിലേക്ക് വെച്ചുനൽകിയപ്പോൾ ആ പിതാവിന് വാക്കുകൾ കിട്ടാതായി.
ഈ നിമിഷം കണ്ടുനിന്ന സോഷ്യൽ മീഡിയ ഉപയോക്താക്കൾ, മാതാപിതാക്കളുടെ അക്ഷീണ പരിശ്രമങ്ങൾക്ക് മക്കൾ നൽകുന്ന ഏറ്റവും മികച്ച ആദരവാണിതെന്ന് അഭിപ്രായപ്പെടുകയും യുവതിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയും ചെയ്യുകയാണ്.