യുഡിഎഫ് സര്‍ക്കാര്‍ അഭിമാനകരമായ ആറു മാസം പിന്നിടുകയാണ്. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കിയാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പ്രഖ്യാപിക്കാനും ആശ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ -പാചകത്തൊഴിലാളികള്‍- പ്രീ പ്രൈമറി അധ്യാപകര്‍- ആയമാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കാനും സര്‍ക്കാരിന് സാധിച്ചു. നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളെല്ലാം സമയബന്ധിതമായി നടപ്പാക്കിയും സര്‍ക്കാര്‍ പുതിയ മാതൃക സൃഷ്ടിച്ചു. സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് വിഭാവന ചെയ്യുന്നത്.
എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതാണ് പുതുയുഗ കേരളം. ഭൂമിശാസ്ത്രപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയുള്ളതാകണം വികസനമെന്നതാണ് കാഴ്ചപ്പാട്. പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്നതോ മനുഷ്യരുടെ ജീവിതത്തെയും ഉപജീവനത്തെയും തകര്‍ക്കുന്നതോ ആയ വികസനം കേരളത്തിലുണ്ടാകില്ല. ലോകം ശ്രദ്ധിക്കുന്ന മാതൃകകള്‍ സൃഷ്ടിക്കണമെന്നതാണ് സര്‍ക്കാരിന്റെ സ്വപ്നം. ആ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള വഴികളിലൂടെയാണ് നമ്മളിപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
സമുദ്രസമ്പത്തും അനുബന്ധമേഖലകളും പ്രയോജനപ്പെടുത്തി വലിയ സാമ്പത്തിക മുന്നേറ്റത്തിന് നമുക്ക് വഴിയൊരുക്കണം. അതിനുള്ള സ്വപ്നപദ്ധതിയാണ് മിഷന് സമുദ്ര. 2031ഓടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. റോഡിലൂടെയുള്ള ചരക്കുനീക്കത്തിന്റെ അന്‍പത് ശതമാനമെങ്കിലും കടല്‍ വഴിയാക്കണം. രണ്ടാം ഘട്ടത്തില്‍ ക്രൂയിസ് ഷിപ്പിംഗും മൂന്നാംഘട്ടത്തില്‍ നദികളെ സംയോജിപ്പിച്ചുകൊണ്ടുള്ള വിനോദസഞ്ചാര മേഖലയുടെ അനന്തസാധ്യതകളും പ്രയോജനപ്പെടുത്തും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ പ്രധാന ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുകയും വേണം.
ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ നമുക്ക് മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കാലഘട്ടത്തിന് അനുയോജ്യമായ പ്രോഗ്രാമുകളും മാറുന്ന തൊഴില്‍ സാഹചര്യത്തിന് അനുസരിച്ചുള്ള തൊഴില്‍ പരിശീലനങ്ങളും സംസ്ഥാനം സജ്ജമാക്കും. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ നിക്ഷേപസൗഹൃദ സാഹചര്യം ഉറപ്പാക്കും. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ പരിചരണത്തിന്റെയും പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റും. അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ നഴ്സിംഗ് സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കും.
മുതിര്‍ന്ന പൗരന്മാര് ഒറ്റയ്ക്കല്ലെന്നും സമൂഹവും സര്‍ക്കാരും ഒപ്പമുണ്ടെന്ന ഉറപ്പു നല്കാന് മുതിര്‍ന്ന പൗരന്മാര്ക്കുള്ള വകുപ്പ് രൂപീകരിച്ചതോടെ നമുക്കു കഴിഞ്ഞു. സംരക്ഷണം ഒരുക്കുന്നതിനൊപ്പം വിവിധ മേഖലകളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ വൈദഗ്ധ്യംകൂടി പ്രയോജനപ്പെടുത്തുന്ന സില്‍വര്‍ ഇക്കോണമിയാണ് നമ്മുടെ ലക്ഷ്യം.
പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പടെയുള്ള സാധാരണക്കാരെയും ഈ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കും. ഇതിന്റെ ഭാഗമായാണ് പട്ടികജാതി- പട്ടികവര്‍ഗ-മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രത്യേക ഭവനപദ്ധതി ആരംഭിച്ചത്. പട്ടികജാതി കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള ഭവന ധനസഹായ തുക നാലു ലക്ഷത്തില്‍നിന്ന് ആറ് ലക്ഷമായും പട്ടികവര്‍ഗ വിഭാഗത്തിനുള്ള ധനസഹായം ആറില്‍നിന്ന് എട്ട് ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. ലഹരി മാഫിയയോട് വിട്ടുവീഴ്ചയില്ല. അത്തരം സംഘങ്ങളുടെ അടിവേരറക്കും.
നികുതിഭാരം ഉയര്‍ത്താതെ വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം. ജിഎസ്ടി വരുമാനത്തില്‍ കേരളം മികച്ച മുന്നേറ്റമാണു നടത്തുന്നത്. ഒക്ടോബറില്‍ ചരക്കുസേവന നികുതിയിനത്തില്‍ മാത്രം 3689 കോടി രൂപ ഖജനാവിലെത്തി. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 27 ശതമാനത്തിന്റെ വര്‍ധന. ദേശീയ ശരാശരിയില്‍ 13 ശതമാനം വര്ധനയുള്ളപ്പോഴാണ് കേരളത്തിന്റെ ഈ കുതിപ്പ്. ചുവപ്പുനാടയുടെ കുരുക്കില്‍നിന്ന് സംരംഭകരെ രക്ഷിക്കാനും പുതുമയാര്‍ന്ന സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാനും ‘സരള്‍ കേരളം’ എന്ന സുപ്രധാന നിയമമാണ് കേരള നിയമസഭ പാസാക്കിയത്.
ഭാവി സാങ്കേതികവിദ്യയുടെ കാര്യത്തിലും നമ്മള് മുന്നിലെത്തണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കംപ്യൂട്ടിംഗ്, മെഷീന് ലേണിംഗ്, റോബോട്ടിക് കംപ്യൂട്ടിംഗ് മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണം. ഡാറ്റ സെന്ററുകള്‍, സെമി കണ്ടക്ടര്‍ കേന്ദ്രങ്ങള്‍, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ എന്നിവ കേരളത്തില്‍ സ്ഥാപിക്കണം. രാജ്യത്ത് ഐടി മേഖലയുടെ വളര്‍ച്ചയ്ക്കു തുടക്കമിട്ട സംസ്ഥാനമാണു കേരളം. ആ പാരമ്പര്യം പുതിയ സാങ്കേതികവിദ്യയുടെ കാലത്തും നമുക്ക് തുടരാനാകണം.
വികസനത്തോടൊപ്പം ഓരോ മനുഷ്യന്റെയും ജീവിതവും പ്രയാസങ്ങളും കരുതലോടെ കാണുന്ന ഭരണസംവിധാനമാണ് നമുക്കു വേണ്ടത്. സ്വാതന്ത്ര്യം ഏതാനും പേര്‍ക്കുള്ളതല്ല, മതമോ ജാതിയോ ഉപയോഗിച്ച് ആരെയും ഇരുട്ടില്‍ നിര്‍ത്തരുത്. നിതാന്ത ജാഗ്രതയും ഉറച്ച മതേതരത്വ ജനാധിപത്യ നിലപാടുകളും വേണം. ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ അതിനു പിന്നാലെ പോകട്ടെ. സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത് ജനക്ഷേമത്തിലും വികസനത്തിലുമാണ്. ക്രിയാത്മക വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. തെറ്റു പറ്റിയാല്‍ തിരുത്താന്‍ ഒരു മടിയുമില്ല. പക്ഷേ വിവാദങ്ങളിലൂടെ സര്‍ക്കാരിനെ സമ്മര്ദത്തില്പ്പെടുത്താമെന്ന് ആരും കരുതേണ്ട.