വാഗമൺ: വാഗമൺ വരട്ടുമേട്ടിൽ വ്യാജരേഖ ചമച്ചും അല്ലാതെയുമുള്ള വൻ ഭൂമി കൈയേറ്റം റവന്യു വകുപ്പ് ഒഴിപ്പിച്ചു. പീരുമേട് തഹസിൽദാർ ജോജോ വി. സെബാസ്റ്റ്യൻ, എൽഎ തഹസിൽദാർ ആർ. ഹരീന്ദ്രനാഥ് , വാഗമൺ വില്ലേജ് ഓഫീസർ പി.ബി. ഗോപീകൃഷ്ണൻ, ഏലപ്പാറ വില്ലേജ് ഓഫീസർ വിജയകുമാർ, ഓഫീസർമാരായ ആർ. പ്രദീപ്, എ.നജീബ്, സിദ്ദിഖ്, ദ്രുതകർമസേന ഉദ്യോഗസ്ഥൻ എസ്. രാജ്കുമാർ, ഭൂസംരക്ഷണസേന ഉദ്യോഗസ്ഥൻ ശശികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.
വരട്ടുമേട്ടു വിനോദസഞ്ചാര കേന്ദ്രത്തിൽ സെബിൻ ആന്റണി എന്നയാൾക്കുള്ള 1.25 ഏക്കർ പട്ടയ ഭൂമിയോടു ചേർന്നുള്ള പത്തേക്കറോളം സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറി കെട്ടിടങ്ങൾ നിർമിക്കുകയും കൃഷി നടത്തുകയും മതിൽ കെട്ടുകയും മുള്ളുകമ്പിവേലി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ കൈയേറ്റങ്ങളെല്ലാം അധികൃതർ ഇന്നലെ ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി. പട്ടയമില്ലാത്ത ഭൂമിയായതിനാൽ നോട്ടീസ് നൽകാതെയാണ് പൊളിച്ചുനീക്കിയത്. രണ്ട് ദിവസംകൊണ്ട് നിർമിതികൾ പൂർണമായും പൊളിച്ച് നീക്കി സർക്കാർ ബോർഡ് സ്ഥാപിക്കും.