ചെന്നൈ: മഹി, മഹി... എംഎസ്ഡി, എംഎസ്ഡി... തല, തല... എന്നിങ്ങനെയുള്ള ഗാലറിയിലെ മഞ്ഞക്കടലിരമ്പം ഓര്‍മകളില്‍ മാത്രം... ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ ജീവാത്മാവും പരമാത്മാവുമെന്ന വിശേഷണം സ്വന്തമായുള്ള എം.എസ്. ധോണി വിക്കറ്റിനു മുന്നിലും പിന്നിലും ഇനിയുണ്ടാകില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരുടെ ഹൃദയം നിലയ്ക്കുന്ന ഈ വാര്‍ത്ത ഫ്രാഞ്ചൈസി വൃത്തങ്ങള്‍ ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
19 വര്‍ഷം നീണ്ട ഐപിഎല്‍ ക്രിക്കറ്റ് കരിയറിനാണ് എംഎസ്ഡി വിരാമമിട്ടത്. ചെന്നൈയുടെ അന്‍പുടന്‍ മഹീ ഭായ്... ബൈ, ബൈ... എന്നെന്നും ഹൃദയങ്ങളില്‍...
ധോണി ഇനി കളിക്കളത്തില്‍ ഉണ്ടാകില്ലെന്നും ടീമിന്റെ മെന്റര്‍ ആയി ഫ്രാഞ്ചൈസിക്കൊപ്പം ഉണ്ടാകുമെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമ എന്‍. ശ്രീനിവാസനാണ് അറിയിച്ചത്. 2027 ഐപിഎല്‍ സീസണിനു മുമ്പായി ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന, റിലീസ് ചെയ്യുന്ന താരങ്ങളുടെ അന്തിമ വിവരം അറിയിക്കേണ്ട അവസാനദിനമായിരുന്നു ഇന്നലെ. അതിനായി മൂന്നു മണിക്കൂര്‍ ശേഷിക്കേയാണ് ധോണി ഐപിഎല്ലിനോടു വിടപറയുന്നതായുള്ള പ്രഖ്യാപനമെത്തിയത്.
ഒരു വിശ്വാസയാത്ര
“എം.എസ്. ധോണിയില്ലാതെ സിഎസ്കെയ്ക്കു നിലനില്‍പ്പില്ല. രണ്ടു പതിറ്റാണ്ടിലേറെയായി, വിജയങ്ങളിലൂടെയും തിരിച്ചടികളിലൂടെയും മറ്റെല്ലാ കാര്യങ്ങളിലൂടെയും ഞങ്ങള്‍ ഒരുമിച്ച് നടക്കുകയും വളരുകയും ചെയ്തു. ഞങ്ങളുടെ ബന്ധം ഒരു കാരണത്താല്‍ ശക്തമാണ്: ഞങ്ങള്‍ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്തില്ല. ആ വിശ്വാസമാണ് ഈ യാത്ര സാധ്യമാക്കിയത്. 2008ല്‍, ധോണിയെ സിഎസ്കെയുടെ ഭാഗമാക്കണമെന്നു ഞാന്‍ നിര്‍ബന്ധിച്ചു. അതു ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണെന്ന് തെളിഞ്ഞു. ഫ്രാഞ്ചൈസിക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ എല്ലാ നേട്ടങ്ങളുംകൊണ്ടു മാത്രമല്ല, മറിച്ച് അദ്ദേഹം എങ്ങനെയുള്ള മനുഷ്യനാണ് എന്നതുകൊണ്ടാണ്. ധോണി എല്ലായ്പോഴും നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കും. സിഎസ്കെ എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ വീടായിരിക്കും.’’ - ശ്രീനിവാസന് പ്രസ്താവിച്ചു.
ഏഴു കിരീടങ്ങള്‍
2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഭാഗമാണ്. ചെന്നൈക്കു വിലക്കു നേരിട്ട 2016, 2017 സീസണില്‍ റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സിനൊപ്പം കളിച്ചു.
ധോണിയുടെ കീഴില്‍ അഞ്ച് ഐപിഎല്‍ ട്രോഫികളില്‍ (2010, 2011, 2018, 2021, 2023) സിഎസ്കെ ചുംബിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ രണ്ടു തവണയും (2010, 2014) കിരീടം സ്വന്തമാക്കി. ഐപിഎല്‍ ട്രോഫി തുടര്‍ച്ചയായ രണ്ടു സീസണില്‍ സ്വന്തമാക്കിയ ആദ്യ ടീമാണ് സിഎസ്കെ. ഒരു വര്‍ഷംതന്നെ ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ കൈക്കലാക്കി (2010). 19 വര്‍ഷം നീണ്ട ഐപിഎല്‍ കരിയറിനിടെ 17 വര്‍ഷവും ചെന്നൈയുടെ താരമായിരുന്നു മഹി ഭായ്.
തന്ത്രജ്ഞൻ
ചെന്നൈക്കായും അസാധ്യ ക്യാപ്റ്റന്‍സി പാടവമാണ് ധോണി കാഴ്ചവച്ചത്. 2010 ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കിറോണ്‍ പൊള്ളാര്‍ഡിനെതിരേ ബൗളറുടെ നേരേ പിന്നില്‍ ഫീല്‍ഡ് ഇട്ടതും 2018 ക്വാളിഫയറില്‍ ഫാഫ് ഡുപ്ലസിയെ വിശ്വസിച്ച് ഓപ്പണിംഗ് ഇറക്കിയതും 2023 ഫൈനലില്‍ ഗുജറാത്തിന്റെ ശുഭ്മാന്‍ ഗില്ലിനെതിരേ രണ്ട് ഭാഗത്തുനിന്നും സ്പിന്‍ ഉപയോഗിച്ചതുമെല്ലാം അദ്ദേഹത്തിന്റെ തന്ത്രങ്ങളുടെ നേര്‍ചിത്രങ്ങളാണ്.