ചെന്നൈ: കോൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ എൻജിൻ തകരാറിലായി. ചൊവ്വാഴ്ച രാത്രി ലാൻഡിംഗിന് തൊട്ടുമുമ്പാണ് സംഭവം. 224 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.
കോൽക്കത്തയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോയുടെ 6ഇ723 വിമാനം രാത്രി 11:30-ന് ചെന്നൈയിൽ എത്തേണ്ടതായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ ലാൻഡിംഗിനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് വിമാനത്തിന്റെ ഇടതുവശത്തെ എൻജിൻ തകരാറിലായതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിക്കുകയും, വിമാനത്തിന്റെ സുരക്ഷിതമായ ലാൻഡിംഗിനായി വിമാനത്താവള അധികൃതർ അടിയന്തര രക്ഷാപ്രവർത്തന നടപടികൾ സജീവമാക്കുകയും ചെയ്തു.
എൻജിൻ തകരാർ ഉണ്ടായെങ്കിലും പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് രാത്രി 11:37-ഓടെ വിമാനം ചെന്നൈ വിമാനത്താവളത്തിലെ റൺവേ 25-ൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 224 പേരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
സംഭവത്തിന് ശേഷം വിമാനത്താവളത്തിലെ മറ്റ് പ്രവർത്തനങ്ങളെല്ലാം സാധാരണ നിലയിൽ തുടർന്നതായി അധികൃതർ അറിയിച്ചു.