ഹൈദരാബാദ്: തെലുങ്കാനയിൽ എൻജിനിയറിംഗ് വിദ്യാർഥിയെ അധ്യാപകൻ കൊലപ്പെടുത്തി. ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ മൈനിംഗ് എൻജിനിയറിംഗ് വിദ്യാർഥി താണ്ട്ര അക്ഷിതറാണിയാണ് (20) കൊല്ലപ്പെട്ടത്. സംഭവത്തിൽ സിംഗരേണി പോളിടെക്നിക് കോളജ് അധ്യാപകൻ നവീൻ കുമാർ (38), സിംഗരേണി കൽക്കരി ഖനി ജീവനക്കാരൻ രവി കുമാർ (35) എന്നിവർ പിടിയിലായി. പെൺകുട്ടിയെ ബലമായി വിഷം കുടിപ്പിച്ചു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും പൊലിസ് അറസ്റ്റ് ചെയ്തത്.
സിംഗരേണി പോളിടെക്നിക് കോളജിൽ മുമ്പ് ഡിപ്ലോമ വിദ്യാർഥിയായിരുന്ന താണ്ട്ര, ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ എൻജിനിയറിംഗ് പഠനത്തിന് ശേഷം പരിശീലനത്തിനായി സിംഗരേണി കൽക്കരി ഖനിയിൽ എത്തിയിരുന്നു. ഡിപ്ലോമ കാലത്ത് വിദ്യാർഥിയുമായി അടുപ്പത്തിലായിരുന്ന നവീൻ കുമാർ, പെൺകുട്ടി രവി കുമാറുമായി സൗഹൃദത്തിലായത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സെപ്റ്റംബർ 12-ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ നവീൻ കുമാർ കാറിൽ കയറ്റുകയും, രവി കുമാർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് ഒരു ആത്മഹത്യ കുറിപ്പ് എഴുതി വാങ്ങിയ ശേഷം ബലമായി വിഷം കുടിപ്പിക്കുകയായിരുന്നു. തുടർന്ന് ബോധരഹിതയായ കുട്ടിയുടെ ഫോണിൽ നിന്ന് അമ്മയെ വിളിച്ച് വിവരം അറിയിക്കുകയും, മാതാപിതാക്കളെയും കൂട്ടി ആശുപത്രിയിൽ എത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു. ചികിത്സയിലിരിക്കെ അടുത്ത ദിവസം പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ആത്മഹത്യയല്ലെന്നും, നവീൻ കുമാർ കൊലപെടുത്തിയതാണെന്നും കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയായ നവീൻ കുമാറിനെയും, ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ രവി കുമാറിനെയും പൊലിസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.