അഡ്ലയ്ഡ്: പരിക്കുകൾ മൂലം പലതവണ തടസപ്പെട്ട കരിയറിന് വിരാമമിട്ട് ഇംഗ്ലണ്ട് പേസ് ബൗളർ മാർക്ക് വുഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
36കാരനായ വുഡ് 2015ലാണ് ഇംഗ്ലണ്ടിനായി ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്. 38 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 119 വിക്കറ്റുകൾ വീഴ്ത്തിയ താരം ഇംഗ്ലണ്ടിന്റെ പ്രധാനപ്പെട്ട വൈറ്റ്-ബോൾ വിജയങ്ങളിലും നിർണായക പങ്ക് വഹിച്ചു.
ഇംഗ്ലണ്ട് 2019ൽ ഏകദിന ലോകകപ്പ് നേടിയപ്പോൾ വുഡ് ടൂർണമെന്റിൽ 18 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. 2022ലെ ട്വന്റി20 ലോകകപ്പ് കിരീടം ചൂടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. 70 ഏകദിനങ്ങളിൽ നിന്ന് 80 വിക്കറ്റുകളും 38 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 54 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
കണങ്കാൽ, കൈമുട്ട് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വുഡിന്റെ കരിയറിൽ പലതവണ പ്രതിസന്ധി സൃഷ്ടിച്ചു.