മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ലീഗ് കപ്പ് (കാരബാവൊ കപ്പ്) ഫുട്ബോളില്‍ മാനംകെട്ട് സൂപ്പര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സി. ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തായി.
10 മിനിറ്റില്‍ 2-0ന്റെ ലീഡ് സ്വന്തമാക്കിയശേഷം, മൂന്നു ഗോള്‍ വഴങ്ങിയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തോല്‍വി. 3-2ന്റെ ജയത്തോടെ ബ്രൈറ്റണ് ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പുറത്താക്കിയത്.
ഇതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജര്‍ എന്ന മൈക്കിള്‍ കാരിക്കിന്റെ ഇരിപ്പിടത്തിനു കൂടുതല്‍ ഭീഷണിയായി.
ചരലംബോസ് കൗസ്റ്റൗലസ് (45+1-ാം മിനിറ്റ്), പാസ്കല്‍ ഗ്രോസ് (65-ാം മിനിറ്റ്), മാക്സിം ഡി ക്യൂപ്പര്‍ (69-ാം മിനിറ്റ്) എന്നിവരായിരുന്നു ബ്രൈറ്റണിനെ ജയത്തിലെത്തിച്ചത്. കൗമാരക്കാരനായ ഷിയ ലേസി (8-ാം മിനിറ്റ്), മേസണ്‍ മൗണ്ട് (10-ാം മിനിറ്റ്) എന്നിവരായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍ നേട്ടക്കാര്‍.
1984നുശേഷം ആദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യപകുതിയില്‍ ലീഡ് നേടിയശേഷം ഏതെങ്കിലും ഒരു പോരാട്ടത്തില്‍ പരാജയപ്പെടുന്നത്. പ്രീമിയര്‍ ലീഗ് കാലഘട്ടത്തില്‍ രണ്ടു ഗോളിന്റെ ലീഡിനുശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്ക്കുന്നതും ഇതാദ്യം.
കവെന്‍ട്രി സിറ്റിയെ കീഴടക്കി ആസ്റ്റണ്‍ വില്ലയും (3-1) വൂള്‍വ്സിനെ തോല്‍പ്പിച്ച് എവര്‍ട്ടണും (1-0) ഷെഫീല്‍ഡ് യുണൈറ്റഡിനെ മറികടന്ന് ഫ്ളീറ്റ്ടൗണും (1-0) നാലാം റൗണ്ടിലേക്കു മുന്നേറി.