തൃശൂർ: കനത്തമഴയെത്തുടർന്ന് ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനാലും മലയോരമേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലും അതിരപ്പിള്ളി, വാഴച്ചാൽ ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്ക് പൊതുജനത്തിനു പ്രവേശനം നിരോധിച്ചു. സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പീച്ചിഡാമിലേക്കു വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം താത്ക്കാലികമായി നിർത്തിവച്ചെന്ന് അധികൃതർ അറിയിച്ചു.
കണ്ട്രോൾ റൂം തുറന്നു; കോർപറേഷൻ സജ്ജം
തൃശൂർ: കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ നഗരസഭാപ്രദേശങ്ങളിൽ വെള്ളം കയറിയ സ്ഥലങ്ങൾ മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എന്നിവർ സന്ദർശിച്ചു. കാലവർഷക്കെടുതികൾ നേരിടുന്നതിന്റെ ഭാഗമായി നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.
നഗരസഭ ജീവനക്കാർ, ആർആർടി അംഗങ്ങൾ, കൗണ്‍സിലർമാർ എന്നിവരടങ്ങുന്ന ടീം, ആവശ്യമായ വാഹനങ്ങൾ, ക്യാന്പുകൾ ആരംഭിക്കേണ്ടിവന്നാൽ തുടങ്ങേണ്ട പൊതുസ്ഥലങ്ങൾ, സ്കൂളുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
കണ്ട്രോൾ റൂം ഹെൽപ് ലൈ ൻ: 0487-2422020, 8078011505.