ന്യൂഡൽഹി: വോട്ട് ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് വീണ്ടും ശക്തമാകുന്നു. ‘പീപ്പിൾസ് എഗെയിൻസ്റ്റ് എസ്ഐആർ’ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നലെ തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്തേക്കു നടന്ന പ്രതിഷേധമാർച്ച് പൊലിസ് തടയുകയും നൂറുകണക്കിന് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സിപിഎം, സിഐടിയു, ഡിവൈഎഫ്ഐ, എസ്എഫ്ഐ, കർഷകത്തൊഴിലാളി യൂണിയൻ, മഹിളാ അസോസിയേഷൻ, സംയുക്ത കിസാൻ മോർച്ച, സിപിഐ, എഐവൈഎഫ്, ഐസ, കെഡബ്ല്യുഎസ് ഉൾപ്പടെയുള്ള വിവിധ രാഷ്ട്രീയ-ജനകീയ സംഘടനകൾ മാർച്ചിൽ അണിനിരന്നു.
ഭായ് വീർ സിംഗ് മാർഗിൽനിന്ന് ആരംഭിച്ച മാർച്ച് പൊലിസ് തടഞ്ഞതോടെ സമരാനുകൂലികൾ ബംഗ്ലാ സാഹിബ് ഗുരുദ്വാരയ്ക്കു സമീപം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്നാണ് പൊലിസ് ബലംപ്രയോഗിച്ച് പ്രവർത്തകരെ നീക്കിയത്.
മുതിര്‍ന്ന സിപിഎം നേതാവ് വൃന്ദ കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണന്, വി. ശിവദാസന്‍ എംപി, അഖിലേന്ത്യാ കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ, പി. സന്തോഷ് കുമാര്‍ എംപി, ഐസ നേതാവ് അഞ്ജലി, കെവൈഎസ് നേതാവ് മുദിത, സാമൂഹ്യപ്രവര്‍ത്തകരായ അഞ്ജലി ഭരദ്വാജ്, യോഗേന്ദ്ര യാദവ് തുടങ്ങിയവരുള്‍പ്പടെ പ്രതിഷേധത്തില്‍ പങ്കെടുത്തു.
വരും ദിവസങ്ങളിൽ രാജ്യത്തെ 88 നഗരങ്ങളിലായി 145 സംഘടനകളെ ഏകോപിപ്പിച്ച് കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് പീപ്പിള്‍ എഗെയിന്‍സ്റ്റ് എസ്ഐആര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.