മംഗലംഡാം: ഭവനരഹിതരായ 60 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുന്ന പൊൻകണ്ടം ജംഗ്ഷനിലെ എസ്പെരാൻസ പ്രോജക്ട് ഷെൽട്ടർ പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയായ നാല് വീടുകളുടെ താക്കോൽ കൈമാറ്റവും എട്ടുവീടുകളുടെ തറക്കല്ലിടലും ഇന്ന് നടക്കും.
വൈകുന്നേരം മൂന്നരയ്ക്ക് നടക്കുന്ന പരിപാടികളിൽ ടി.എം. ശശി എംഎൽഎ, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് മെംബർ കെ.ജി. എൽദോ, ബ്ലോക്ക് മെംബർ സുബിത മുരളിധരൻ, വാർഡ് മെംബർ അച്ചാമ്മ ജോസഫ്, പാലക്കാട് രൂപത വികാരി ജനറാൾ മോൺ. ജീജോ ചാലക്കൽ, കാർഗോ കമ്പനി സെവൻസീസ് എംഡി ബിജു തോമസ്, ബെംഗളൂരു ആസ്ഥാനമായുള്ള പ്രോജക്ട് ഷെൽട്ടർ ഡയറക്ടർ ഫാ.ഡോ. ജോർജ് കണ്ണന്താനം, മംഗലംഡാം ഫൊറോന വികാരി ഫാ. സുമേഷ് നാൽപതാംകളം, പൊൻകണ്ടം പള്ളി വികാരി ഫാ. സജി വട്ടുകളം, ഫാ. പോൾ കാട്ടൂക്കാരൻ സമൂഹത്തിലെ വിവിധമേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനകൾ, വ്യക്തികൾ, ക്രഷ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
കഴിഞ്ഞ വർഷം മുടപ്പല്ലൂരിലെ ഒരു കുടുംബത്തിന് വീട് നിർമിച്ച് നൽകിയായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. ദാനമായി ലഭിച്ച ഒന്നര ഏക്കർ സ്ഥലത്താണ് അപ്പാർട്ടുമെന്റുകളായി ഭവനനിർമാണം നടപ്പിലാക്കുന്നത്. അംഗവൈകല്യമുള്ളവർ, അസുഖ ബാധിതർ, വിധവകൾ, പ്രകൃതിദുരന്തങ്ങളിൽ വീട് നഷ്ടപ്പെട്ടവർ, സ്വന്തമായി വീട് പണിയാൻ സാമ്പത്തിക ശേഷി ഇല്ലാത്തവർ തുടങ്ങിയവരെയാണ് പദ്ധതിയിൽ പരിഗണിക്കുന്നതെന്ന് പൊൻകണ്ടത്തെ ഭവന പദ്ധതിക്ക് നേതൃത്വം നൽകുന്ന ടോം ജോർജ് കിഴക്കേ പറമ്പിൽ പറഞ്ഞു. ക്ലരീഷ്യൻ വൈദിക സഭാംഗമായ ഫാ.ഡോ. ജോർജ് കണ്ണന്താനത്തിന്റെ സ്വപ്ന പദ്ധതിയാണ് ഭവന രഹിതരായവർക്കെല്ലാം വീട് നിർമിച്ചു നൽകുക എന്നത്.
ഈ പ്രോജക്ടിന്റെ ഭാഗമായാണ് സഹപാഠിയായ ടോം ജോർജിന്റെ സഹകരണത്തോടെ പൊൻകണ്ടത്തും ഭവനങ്ങൾ ഉയരുന്നത്. സുമനസുകളായ ആയിരം പേർ മാസത്തിൽ ആയിരം രൂപയും അതിൽ കൂടുതലും തുകയെടുത്താണ് വീട് നിർമാണ പദ്ധതി മുന്നോട്ട് പോകുന്നത്. കേരളത്തിൽ മറ്റു സ്ഥലങ്ങളിലും കർണാടകയിലും പ്രൊജക്ട് ഷെൽറ്റർ എന്ന പദ്ധതി വഴി വീട് നിർമാണം നടക്കുന്നുണ്ട്.