ന്യൂഡൽഹി: ആഭ്യന്തരവിപണിയിൽ പഞ്ചസാര വില കുതിച്ചുയരുന്നതിനു കാരണം എഥനോൾ ഉത്പാദനത്തിനായി കരിമ്പ് മാറ്റിയതാണെന്ന ആരോപണം തള്ളി കേന്ദ്രസർക്കാർ.
രാജ്യത്ത് ആവശ്യത്തിനു പഞ്ചസാര സ്റ്റോക്കുള്ളപ്പോൾ ചില മില്ലുടമകളും വ്യാപാരികളും കൃത്രിമക്ഷാമമുണ്ടാക്കി വില വർധിപ്പിക്കുകയാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം കുറ്റപ്പെടുത്തി.
മുൻവർഷങ്ങളിൽ 43 ലക്ഷം ടൺ പഞ്ചസാര എഥനോളിനായി മാറ്റിയ സ്ഥാനത്ത് ഈ വർഷം 28 ലക്ഷം ടൺ മാത്രമാണു മാറ്റിയതെന്നും നിലവിൽ എഥനോളിന്റെ ഭൂരിഭാഗവും ധാന്യങ്ങളിൽനിന്നാണു നിർമിക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.
കേവലം ഏഴുമുതൽ പത്തു ദിവസത്തിനുള്ളിൽ പഞ്ചസാരയുടെ മിൽ വില കിലോഗ്രാമിന് 47-48 രൂപയിൽനിന്ന് 62 രൂപയായി ഉയർത്തിയത് ന്യായീകരിക്കാനാകാത്തതാണെന്ന് ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര വ്യക്തമാക്കി.
വ്യാപാരികൾക്കെതിരേയും പൂഴ്ത്തിവയ്പുകാർക്കെതിരേയും കർശന നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ചില്ലറ വിപണിയിൽ വില കുറയുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പ്രതിസന്ധി പരിഹരിക്കാൻ പഞ്ചസാര മില്ലുകളിലെ കരിമ്പ് സംസ്കരണം നേരത്തേ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്താൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, മില്ലുടമകൾ കടലാസിൽ മാത്രം വില്പന നടത്തി വിപണിയിലേക്കു പഞ്ചസാര എത്തിക്കാതെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് സർക്കാർ കണ്ടെത്തി. വ്യവസായ സംഘടനകളായ ഐഎസ്എംഎ, എൻഎഫ്എസ്സിഎഫ് എന്നിവരുടെ പ്രതിനിധികളെ വിളിച്ചുവരുത്തി സർക്കാർ കടുത്ത അതൃപ്തി അറിയിച്ചു.