റോം: ഇറ്റലിയിലെ ഏറ്റ്ന അഗ്നിപർവതം തീ തുപ്പാൻ തുടങ്ങിയത് ആയിരക്കണക്കിനു വിമാനയാത്രികരെ പ്രതിസന്ധിയിലാക്കി. അഗ്നിപർവതത്തിൽനിന്നുള്ള ചാരം വ്യാപിക്കുന്നതു സിസിലിയിലെ കറ്റാനിയ വിമാനത്തവളത്തിന്റെ പ്രവർത്തനത്തെ താളംതെറ്റിച്ചു.
ചാരം വലിയ അപകടത്തിനു കാരണമായേക്കുമെന്ന ഭീതിയിൽ വിമാനത്താവളം ശനിയാഴ്ച പുലർച്ച വരെ അടിച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്.
സിസിലിയിൽ സ്ഥിതിചെയ്യുന്ന ഏറ്റ്ന യൂറോപ്പിലെ ഏറ്റവും സജീവ അഗ്നിപർവതമാണ്. അഗ്നിപർവതങ്ങൾ പുറംതള്ളുന്ന ചാരം വിമാനത്തിന്റെ എൻജിൻ തകരാറിലാക്കും.
ഏറ്റ്ന ഇടയ്ക്കിടെ സജീവമാകുന്നതു മൂലം കറ്റാനിയ വിമാനത്താവളത്തിന്റെ പ്രവർത്തനം താളംതെറ്റാറുള്ളതാണ്. എന്നാൽ, ഇത്തവണത്തേത് ലേശം ഗുരുതരമാണ്. രണ്ടു പതിറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
ഓഗസ്റ്റ് ആറിനും 12നും ഇടയിൽ കറ്റാനിയ വിമാനത്താവളത്തിലെ 630 സർവീസുകൾ മറ്റിടങ്ങളിലേക്കു തിരിച്ചുവിടുകയും അതിലേറെ സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.
ഇതു മൂലം ആയിരക്കണക്കിനു യാത്രക്കാരാണ് ദുരിതത്തിലായത്. ചില യാത്രക്കാർ ദിവസങ്ങളായി വിമാനത്താവളത്തിൽതന്നെ കഴിയുകയാണ്. കിട്ടുന്ന സ്ഥലത്തു കിടന്നുറങ്ങിയും ചീട്ടുകളിച്ചുമൊക്കെയാണ് ഇവർ സമയം കളയുന്നത്.