ബെർലിൻ: പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളെ ചുട്ടുപൊള്ളിച്ച ഉഷ്ണതരംഗം സ്വിറ്റ്സർലൻഡ്, ഡെന്മാർക്ക്, ചെക്ക് റിപ്പബ്ലിക് രാജ്യങ്ങളിലേക്ക്. ഇവിടങ്ങളിൽ താപനില റിക്കാർഡ് നില തൊട്ടു. ഡെന്മാർക്കിൽ ശനിയാഴ്ച ആർഹസിന് വടക്ക് ഓഡം എന്ന പ്രദേശത്ത് 37 ഡിഗ്രി സെൽഷസ് ചൂടാണ് അനുഭവപ്പെട്ടത്. ഇത് 1874ന് ശേഷമുള്ള ഏറ്റവും കൂടിയ ചൂടാണ്. സ്വിറ്റ്സർലൻഡിലെ ബാസൽ നഗരത്തിൽ 38.8 ഡിഗ്രി സെൽഷസ് രേഖപ്പെടുത്തി. ജർമനിയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
40 ഡിഗ്രി സെൽഷസിലേക്ക് താപനില ഉയരുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചൂട് മൂലം വിള്ളലുണ്ടായതിനാൽ ഹൈവേകൾ അടച്ചു. വാരാന്ത്യത്തിൽ അത്യാവശ്യമല്ലാത്ത എല്ലാ ട്രെയിൻ യാത്രകളും ഒഴിവാക്കണമെന്ന് റെയിൽ കമ്പനികൾ നിർദേശിച്ചു. ചെക്ക് റിപ്പബ്ലിക്കിലും ചൂട് റിക്കാർഡ് തൊട്ടു. വടക്കൻ പട്ടണമായ ഡോക്സാനിയിൽ 40.8 ഡിഗ്രി സെൽഷസ് ചൂടാണ് അനുഭവപ്പെട്ടത്. ചൂട് ഇനിയും ഉയരുമെന്നാണ് മുന്നറിയിപ്പ്.
ഫ്രാൻസും കടുത്ത ചൂടിൽ പൊള്ളുകയാണ്. ഫ്രാൻസിൽ മരണം 1000 പിന്നിട്ടു. ജൂൺ 18നുശേഷം രാജ്യത്ത് 74 പേർ മുങ്ങിമരിച്ചു. കടുത്ത ചൂടിൽനിന്നു രക്ഷതേടി ജലാശയങ്ങളിൽ ഇറങ്ങിയവരാണ് മരിച്ചത്. ഫ്രാൻസിന്റെ കിഴക്കൻ ഭാഗങ്ങളിൽ ശനിയാഴ്ച എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തി. ചില സ്ഥലങ്ങളിൽ 40 ഡിഗ്രി സെൽഷസിനും മുകളിലായിരുന്നു ചൂട്.
കിഴക്കൻ ഇംഗ്ലണ്ടിൽ 37.3 ഡിഗ്രി സെൽഷസാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 1976ന് ശേഷമുള്ള ഏറ്റവും കൂടിയ ചൂടാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. യുകെയിലെ ചൂടുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം നാലായി. ഇറ്റലിയും ചുട്ടുപൊള്ളുകയാണ്. വെനീസ്, ഫ്ലോറൻസ്, ബൊളോഞ്ഞ, മിലാൻ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളുൾപ്പെടെ 18 നഗരങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.