ജറൂസലേം: ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യസർക്കാരിലെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗിവിർ, ഗാസയിൽ ‘ഓരോ രാത്രിയും 30 മുതൽ 40 പേരെ വരെ കൊലപ്പെടുത്തണ’മെന്ന് പരസ്യമായി വാദിച്ചതായി റിപ്പോർട്ട്.
ഞായറാഴ്ച പറത്തുവന്ന ഈ പരാമർശങ്ങൾക്ക് പലസ്തീനിയൻ മാധ്യമങ്ങൾ വ്യാപക പ്രചാരണമാണു നൽകിയിരിക്കുന്നത്.
മുൻപ് ഗാസയിൽ തടവിലാക്കപ്പെട്ടിരുന്ന റോം ബ്രാസ്ലാവിസ്കിയുമായി നടത്തിയ പോഡ്കാസ്റ്റ് സംഭാഷണത്തിനിടെയാണ് ബെൻ ഗിവിർ പ്രസ്താവന നടത്തിയത്.
2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിൽനിന്ന് കരകയറുന്നതിനെക്കുറിച്ച് ഇരുവരും സംസാരിക്കുന്നതിനിടെ ഇസ്രയേൽ അടുത്തിടെ ഗാസയിൽ ആക്രമണങ്ങൾ കുറച്ചതിനെ ബെൻ ഗിവിർ വിമർശിച്ചു. ‘പ്രധാനമന്ത്രിയോടു ഞാൻ വിയോജിക്കുന്നു എന്നകാര്യം ഇന്ന് രഹസ്യമൊന്നുമില്ല. ഗാസയിൽ എണ്ണങ്ങൾ ലക്ഷ്യംവച്ച് നമ്മൾ കൊലപാതകങ്ങൾ നടത്തണം.
രാത്രികളിൽ 30 മുതൽ 40 വരെ പേരെ വരെ തീർക്കണം. സമീപകാല ഭീഷണിയാകാൻ സാധ്യതയുള്ളവരെ മാത്രമല്ല, ജീവിച്ചിരിച്ചിരിക്കാൻ അർഹതയില്ലാത്തവരും മനുഷ്യർ പോലുമല്ലാത്തവരുമായി നിരവധി പേർ അവിടെ ജീവിച്ചിരിക്കുന്നുണ്ട്.’ -ബെൻ ഗിവിർ പറഞ്ഞു.
ബെൻ ഗിവിറിന്റെ പ്രസ്താവനകൾക്ക് ഇസ്രയേലി മാധ്യമങ്ങൾ കാര്യമായ പ്രാധാന്യം നല്കിയില്ല. ഒക്ടോബർ 27ന് ഇസ്രയേലിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ബെൻ ഗിവിറിന്റേതുപോലുള്ള ആശയങ്ങൾക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.