നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി അറിയുന്ന നമ്മുടെ സ്ന്ഹപിതാവാണ് ദൈവം എന്ന് കണ്ണുംപൂട്ടി വിശ്വസിക്കുകയും ആ വിശ്വാസം വീരോചിതമായി ജിവിച്ചു കാണിച്ചുതന്നുകൊണ്ട് ദൈവപരിപാലനയുടെ അത്ഭുതസാക്ഷ്യമായി മാറുകയും ചെയ്ത ജിവതമാണ് മദർ മേരി ലിറ്റിയുടേത്. എല്ലാംദൈവം തരും മഠം, ചങ്ങനാശേരി എന്ന് കത്തയച്ചാൽ അതു മദർ ലിറ്റിക്കു കിട്ടിയിരുന്ന നാളുകൾ കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിരുന്നു. അത്ര പ്രസിദ്ധമായിരന്നു അമ്മയുടെ ദൈവാശ്രയ സാക്ഷ്യം.
തിരുവനന്തപുരം ജില്ലയിലെ കിള്ളിയിൽ, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അഭയം കൊടുക്കാൻ ഒരു കന്യാസ്ത്രി വാടക വീടെടുത്ത് പ്രവർത്തിക്കുന്നു എന്നു കേട്ടാണ് വർഷങ്ങൾക്കു മുമ്പ് ഞാൻ അവിടെ ചെന്നത്. അന്ന് ഞാൻ ദീപികയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ആയിരുന്നു. അവിടെ കണ്ടത് ഒന്നിനും കൊള്ളാ ത്തവരെന്ന് ലോകം കരുതുന്ന ഏതാനും കുട്ടികൾ, സംസാരിക്കാനെന്നല്ല തല പൊക്കാൻപോലും ആകാത്തവർ. ഭവനത്തിലാകെ നല്ല വൃത്തിയും വെടിപ്പും. മദർ അവിടെ ഉണ്ടായിരുന്നില്ല. മൂന്നു സിസ്റ്റേഴ്സ് ഉണ്ടായിരുന്നു. അവരുടെ മുഖത്തെല്ലാം നല്ല പ്രസരിപ്പും സന്തോഷവും. അവിടിരുന്ന് സംസാരിക്കുന്പോഴാണ് മദർ ലിറ്റി എന്ന അവരുടെ സ്ഥാപകയെക്കുറിച്ച് ആദ്യം കേൾക്കുന്നത്. എല്ലാം പ്രത്യാശയുടെ വാക്കുകൾ. അത്താഴത്തിന് വകയില്ലെങ്കിലും അതിഥികളെ സത്കരിക്കണം എന്നാണ് മദറിന്റെ നിർദേശമെന്നുകൂടി അവർ പറഞ്ഞു.
ഇവിടെ എങ്ങനെ കഴിയുന്നു. ഞാൻ അവരോടു തെരക്കി. ഒന്നിനും മുട്ടില്ല. എല്ലാം ഈശോ ക്രമീകരിക്കുന്നു. പലപ്പോഴും ഭക്ഷണം മിച്ചമാണ്. നല്ലമനസുകൾ കൊണ്ടുവന്നു തരുന്നത് സൂക്ഷിച്ചുവയ്ക്കാൻ ഫ്രിഡ്ജില്ലാത്തതുകൊണ്ട് പാഴായിപ്പോകും. അതു ഞങ്ങൾക്കു വലിയ സങ്കടമാണ്. ഒരു മണി ചോറുപോലും പാഴക്കരുതെന്ന് അമ്മ പറയാറുണ്ട്. ഫ്രിഡ്ജ് വാങ്ങാൻ വല്ല പാരിപാടിയുമുണ്ടോയെന്നു ഞാൻ ചോദിച്ചു. അറിയില്ല. അവർ പറഞ്ഞു. അന്നു വൈകുന്നേരം ലൂർദ് പള്ളിയിൽ ഉദ്യോഗസ്ഥക്കൂട്ടായ്മയുടെ കോർ ഗ്രൂപ്പുണ്ടായിരുന്നു. ആറു പേരുള്ള ചെറിയ സംഘം. കഥകളൊക്കെ ഞാൻ വിവരിച്ചു. ഒടുവിൽ ഞങ്ങള് കുറച്ചുപേർ ചേർന്ന് 7000 രൂപ സ്വരൂപിച്ച് അവർക്ക് ഫ്രിഡ്ജ് വാങ്ങി നൽകി.
പിന്നീട് കിള്ളിയിലെ ദൈവ പരിപാലനയുടെ കഥകൾ കേൾക്കുന്പോൾ മദർ ലിറ്റിയോടുള്ള ആദരം പെരുകുകയായിരുന്നു. പണത്തിനു വേണ്ടി മനുഷ്യൻ എന്തും ചെയ്യുന്ന കാലത്ത് പണമല്ല പ്രധാന വിഷയം എന്ന് ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുന്ന ഈ അമ്മ ഞങ്ങൾക്കെല്ലാം മുന്പിൽ അത്ഭുതമായി. പരിചയപ്പെട്ടപ്പോൾ ആദ്യം ചോദിച്ച ചോദ്യവും ഇതാണ്. മദർ ലിറ്റിക്ക് എങ്ങനെ ഇത്രയും ധൈര്യം കിട്ടി? അമ്മ പറഞ്ഞു തന്നു അത് ഒരു അനുഭവത്തിൽ നിന്നാണ്. 1957ലാണ് സംഭവം. അമ്മ ഡോക്ടറാകാൻ ഇറ്റലിയിൽ പഠിക്കുന്നു. ഒരു ദിവസം അവിടെ ടൂറിനിൽ വിശുദ്ധ ജോസഫ് കൊത്തലംഗോ സ്ഥാപിച്ച ദൈവപരിപാലനയുടെ ചെറുഭവനം സന്ദർശിക്കാൻ പോയി. അവിടത്തെ പ്രവർത്തനങ്ങൾ അമ്മയെ വല്ലാതെ അത്ഭുതപ്പെടുത്തി.ആയിരങ്ങൾക്കാണ് അവിടെ ദിവസവും സൗജന്യഭക്ഷണം കൊടുക്കുന്നത്. ആ ഭവനത്തിൽ ഒരു ദിവസം കിട്ടുന്നതെല്ലാം അന്നുതന്നെ വിതരണം ചെയ്തു തീരും. അല്ലെങ്കിൽ തീർക്കും. പിറ്റേന്നത്തേക്ക് ഒന്നും ബാക്കി വയ്ക്കില്ല. പിറ്റേന്നത്തേക്ക് ഈശോ തരണമെങ്കിൽ അങ്ങനെ വേണം.
അവിടത്തെ അത്ഭുതകരമായ ദൈവപരിപാലന മദറിന്റെ അന്തരംഗത്തിൽ മുഴങ്ങി ‘എന്തുകൊണ്ട് നിനക്കും പാവങ്ങൾക്കു വേണ്ടി ജീവിതം സമർപ്പിച്ചു കൂടാ?’ മദറിനെ സമർപ്പണ ജീവിതത്തിലേക്ക് തെരഞ്ഞെടുക്കുകയും ഇറ്റലിയിൽ ഡോക്ടർ പഠനത്തിനു വിടുകയും ചെയ്ച ധർമഗിരി സന്യാസ സഭയിൽനിന്നു പുറത്തിറങ്ങി വ്യത്യസ്തമായി ജീവിതം നയിക്കണം എന്ന ഈശോയുടെ വിളിയോടു പ്രത്യുത്തരം കൊടുക്കാൻ തടസങ്ങൾ ഏറെയായിരുന്നു. ഒടുവിൽ 1973ൽ മദർ ലിറ്റിക്ക് സഭയുടെ അനുവാദം കിട്ടി. പരമദരിദ്രർക്കു വേണ്ടിയുള്ള പടയോട്ടത്തിന് തുടക്കം കുറിക്കാൻ മദർ ലിറ്റി മുക്കുരിലെത്തി.
അവിടെ ഡോട്ടേഴ്സ് ഓഫ് സെന്റ് ജോസഫ്സ് എന്ന മഠത്തിൽ താമസിച്ച് ഒരുക്കങ്ങളാരംഭിച്ചു. പിന്നീട് ചങ്ങനാശേരി ആർച്ച്ബിഷപ്പായിരുന്ന മാർ ആന്റണി പടിയറയുടെ അനുമതിയോടെ 1978 ജനുവരി 17ന് ഒരു രോഗിയുമായി മദർ ലിറ്റി കുന്നന്താനത്തെ ഐക്കുഴിയിൽ വാടക വീട്ടിൽ ‘ലിറ്റിൽ സേർവന്റ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ്’ എന്ന ഇന്നത്തെ സന്യാസിനീ സമുഹത്തിന് തുടക്കം കുറിച്ചു. അമ്മയുടെ പദ്ധതികൾ കേൾക്കുന്ന പടിയറപ്പിതാവ് എന്നും ചോദിച്ചതു ഇതിനുള്ള വരുമാനം എങ്ങനെ കണ്ടെത്തും? ദൈവം തരും അതായിരുന്നു മദർ ലിറ്റിയിടെ സ്ഥിരം മറുപടി. പിന്നീട് മദറിന്റെ ജീവിതത്തിലും ലിറ്റിൽ സേർവന്റ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സന്യാസിനീ സമുഹത്തിലും ദൈവം എല്ലാം നൽകിയെന്നതാണ് ചരിത്രം.
1935 ഓഗസ്റ്റ് രണ്ടിന് കോതമംഗലം രൂപതയിലെ സന്പന്ന കടുംബമായ ഓലിയപ്പുറത്ത് ജോസഫിന്റെയും ബ്രിജിത്തയുടെയും ഏഴു മക്കളിൽ ഏറ്റവും ഇളയമകളായി പിറന്നു. കൊച്ചുത്രേസ്യ എന്നായിരുന്നു പേര്. കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കുളിലും ചങ്ങനാശേരി അസംപ്ഷൻ കോളജിലും പഠിച്ച ശേഷം 1955ൽ ധർമഗിരി സന്യാസിനി സമുഹത്തിൽ ചേർന്നു. പ്രഥമ വ്രതവാഗ്ദാനത്തിനുശേഷം റോമിൽ എംഡിക്കു പഠിക്കാൻ പോയി. ഐർലണ്ടിലും ഇംഗ്ലണ്ടിലും ഏതാനും വർഷം സേവനം നടത്തി. നാട്ടിൽ തിരിച്ചെത്തി സന്യാസസമുഹത്തിന്റെ വിവിധ ആശുപത്രികളിൽ ജോലി ചെയ്തു. അപ്പോഴാണ് വിളിക്കുള്ളിലെ വിളി സ്വീകരിച്ച് ദൈവപരിപാലയനയിൽ മാത്രം ആശ്രയിച്ച് ആർക്കും വേണ്ടാത്തവർക്കായി ശുശ്രൂഷ ആരംഭിച്ചത്. 2016 നവംബർ അഞ്ചിന് അമ്മ ഈ ലോകവാസം വിടുന്പോൾ ലിറ്റിൽ സേർവന്റ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസിന് 16 ഭവനങ്ങളും 162 സഹോദരികളും 2000 അന്തേവാസികളും ഉണ്ടായിരുന്നു.