മേപ്പാടി: കാരാപ്പുഴ പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ അടിസ്ഥാന ജീവിത സൗകര്യങ്ങളുടെ അഭാവത്തില്‍ ഇപ്പോഴും ദുരിതത്തില്‍. ഇവരെ പുനരധിവസിപ്പിക്കാനായി ആവിഷ്ക്കരിച്ച പദ്ധതി അശാസ്ത്രീയമായി നടപ്പാക്കിയതു മൂലം ആദിവാസി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്നുവെന്നാണ് പരാതി ഉയരുന്നത്.
തുടക്കം മുതല്‍ തന്നെ പദ്ധതിയിലെ അശാസ്ത്രീയത പ്രകടമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. നത്തംകുനി, നെല്ലാറച്ചാല്‍, മലയച്ചംകൊല്ലി, തുടങ്ങിയ പ്രദേശങ്ങളില്‍ താമസിച്ചുവന്ന ആദിവാസി കുടുംബങ്ങള്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ കൈവശഭൂമിയും വീടും ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നു എന്ന യാഥാർഥ്യം വൈകിയാണവര്‍ തിരിച്ചറിഞ്ഞത്.
നാല് കുടുംബങ്ങള്‍ക്ക് ഒരു വീട് എന്ന രീതിയിലാണ് ഇവരെ പുനരധിവസിപ്പിക്കാനായി അമ്പലവയല്‍ പഞ്ചായത്തിലെ കൊയിലോംകുന്ന്, പുല്പ്പടിക്കുന്ന് എന്നിവിടങ്ങളിലായി 44 വീടുകള്‍ നിര്‍മിച്ചത്.
നാല് കുടുംബങ്ങള്‍ക്ക് ഒരു വീട് എന്ന രീതിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ക്ക് ഒരു കെട്ടിടം എന്ന രീതിയിലേക്ക് പദ്ധതി മാറ്റുകയായിരുന്നു. 88 കുടുംബങ്ങള്‍ക്കായി 44 വീടുകളാണ് നിര്‍മിച്ചത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. വീടുകള്‍ക്ക് വാതില്‍, ജനാലകള്‍ എന്നിവ ഒരുക്കിയില്ല. അതിപ്പോഴും അങ്ങിനെതന്നെ തുടരുകയാണ്. 300 മുതല്‍ 400 മീറ്റര്‍ അകലെയാണ് ടോയ്ലറ്റുകള് നിര്‍മിച്ചത്.
സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ക്കെല്ലാം രാത്രികാലങ്ങളില്‍ ടോയ്ലറ്റില് പോകണമെങ്കില്‍ 400 മീറ്റര്‍ ദൂരം നടക്കണമെന്നത് ദുരിതം വര്‍ധിപ്പിക്കുന്നു.
പ്രാഥമിക സൗകര്യങ്ങളില്ലാത്തതിനാല്‍ വീടുകളില്‍ ഏറിയ പങ്കും ഒഴിഞ്ഞു കിടക്കുകയാണ്. എട്ട് കുടുംബങ്ങള്‍ മാത്രമാണിവിടെ താമസിക്കുന്നത്. 2004 ലാണ് വീടുകളുടെ താക്കോല്‍ കൈമാറിയത്. 22 വര്‍ഷം കഴിഞ്ഞിട്ടും പ്രാഥമിക സൗകര്യങ്ങളേര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ആള് താമസമില്ലാത്തതിനാല്‍ വീടുകള്‍ മിക്കതും കാടുമൂടി നശിച്ചു കൊണ്ടിരിക്കുന്നു. കുടിവെള്ള പദ്ധതിയുണ്ട്. പക്ഷേ വൈദ്യുതി കണക്ഷന് വിച്ഛേദിക്കപ്പെട്ട നിലയിലാണ് പല വീടുകളും. വീടുകള്‍ക്ക് പുറമേ ആദിവാസി കുടുംബങ്ങള്‍ക്ക് 75 സെന്റ് സ്ഥലം കൂടി അനുവദിച്ചിരുന്നു. അത് മൂന്ന കിലോമീറ്റര്‍ ദൂരെ ചീപ്രംകുന്നിലാണ്. സ്ഥലം അനുവദിച്ചിടത്ത് വീടുകള്‍ നിര്‍മിച്ചു നല്‍കിയില്ല എന്നതാണ് പുനരധിവാസ പദ്ധതി പാളിപ്പോകാന്‍ കാരണം. അനുവദിച്ച സ്ഥലം തന്നെ പലരും പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. കാര്‍ഷികാവശ്യത്തിനും ജലസേചനത്തിനുമായി ആവിഷ്ക്കരിച്ച പദ്ധതി കൃഷിക്ക് ഉപയുക്തമായില്ല. പകരം ടൂറിസത്തിന് വഴിമാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്നതും പദ്ധതിയെ വ്യത്യസ്തമാക്കുന്നു.