പൂക്കോട്ടുംപാടം: ചുള്ളിയോട് തേള്‍പ്പാറ മലയോര പാതയിലെ പറമ്പ സ്കൂള്‍ മേഖലയില്‍ റോഡരികില്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളി.
ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, ഹരിതകര്‍മ സേന അംഗങ്ങള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് റോഡിന്റെ ഇരുവശങ്ങളിലുമായി വ്യാപകമായി മാലിന്യം തള്ളിയതായി കണ്ടെത്തിയത്. പരിശോധനയില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി നോട്ടീസ് നല്കി.
മദ്യക്കുപ്പികള്‍ ഉള്‍പ്പെടെയുള്ളവ, കടകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍, വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ടാര്‍പോളിന്‍ ഷീറ്റുകള്‍ തുടങ്ങിയവയാണ് റോഡരികില്‍ തള്ളിയത്.
ഗ്രാമ പഞ്ചായത്തിലെ 22 വാര്‍ഡുകളിലായി 40 ഹരിതകര്‍മ സേനാംഗങ്ങള്‍ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് ഏജന്‍സികള്‍ക്കും മറ്റും കൈമാറുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തെ മികച്ച പ്രവര്‍ത്തനത്തിന് അമരമ്പലം ഹരിതകര്‍മസേനക്ക് കാളികാവ് ബ്ലോക്ക് പഞ്ചായത്തിന്റെ പുരസ്കാരം ലഭിച്ചിരുന്നു. എന്നാല്‍ ചില ഭാഗങ്ങളില്‍ രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. പറമ്പ കയറ്റത്തിലെ മാലിന്യക്കൂമ്പാരം പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥികളുടെ പരീക്ഷാ ചോദ്യപേപ്പറുകളും വീടുകളില്‍ ഉപയോഗിക്കുന്ന വിവിധ വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
യൂസര്‍ ഫീ നല്‍കാത്ത വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും സെക്രട്ടറി അറിയിച്ചു.