തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട മൊഴിയെടുപ്പിനായി പിഎസ്സി ആസ്ഥാനത്തേക്കു പോകേണ്ടതില്ലെന്നു ക്രൈംബ്രാഞ്ചിനു നിയമോപദേശം.
ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിക്കുന്ന സ്ഥലത്ത് ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദേശിക്കുന്നതിൽ തെറ്റില്ലെന്നാണ് ക്രൈം ബ്രാഞ്ചിനു ലഭിച്ച നിയമോപദേശം. അതേസമയം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ പിഎസ്സി അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചു.
പിഎസ്സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതിനിടെ ചോദ്യം ചെയ്യുന്നതിനായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കു പോകേണ്ടതുണ്ടോ എന്ന കാര്യത്തിനാണ് പിഎസ്സി അംഗങ്ങൾ കൂടുതൽ വ്യക്തത തേടിയിരിക്കുന്നത്.
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് പിഎസ്സി അംഗങ്ങളെ പ്രതിയാക്കിയിട്ടില്ല. ആ സാഹചര്യത്തിൽ നോട്ടീസ് നൽകി വിളിപ്പിക്കുന്പോൾ പോകേണ്ടതുണ്ടോ എന്നുള്ള കാര്യത്തിലാണ് വ്യക്തത തേടുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്നു കാണിച്ചായിരുന്നു പിഎസ്സി അംഗങ്ങൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ നിലവിൽ ഹാജരാകേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പിഎസ്സി അംഗങ്ങൾ.