തൃശൂര്‍: സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന പദ്ധതികളില്‍ കേരള സര്‍ക്കാരില്‍നിന്നു മുന്‍പില്ലാത്തവിധം സഹായം ലഭിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി സർക്കാരിൽനിന്നു വികസനകാര്യങ്ങളിൽ വേണ്ടത്ര പിന്തുണയോ സഹകരണമോ ലഭിച്ചിരുന്നില്ല. എന്നാൽ, പുതിയ സർക്കാർ വന്നതിനുശേഷം ഏതു വികസന പ്രോജക്ടുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയെയും വിവിധ വകുപ്പുകളെയും സമീപിക്കാൻ സാധിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത മൂന്നു പ്രോജക്ടുകളിൽ ഒന്നിൽ തീരുമാനമാവുകയും രണ്ടെണ്ണത്തിൽ പ്രാഥമിക ധാരണയാവുകയും ചെയ്തിട്ടുണ്ട്. ജനങ്ങളിലേക്കു വികസനമെത്തിക്കാൻ ഒരു ജനപ്രതിനിധിക്കോ കേന്ദ്രമന്ത്രിക്കോ നൽകേണ്ട പിന്തുണ കൃത്യമായി ലഭിക്കുന്നുണ്ടെന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേവലം വികസനകാര്യങ്ങൾ മുൻനിർത്തിയുള്ള എംപി- സർക്കാർ ബന്ധം മാത്രമാണെന്നും ഇതിലപ്പുറം രാഷ്ട്രീയ ഡീലുകളോ മറ്റ് ഉദ്ദേശ്യങ്ങളോ ഇല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം വികസന ആവശ്യങ്ങൾക്കു കൃത്യമായി സംവദിക്കാൻ കഴിയുന്നു എന്നതിനെ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു.