തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതികളായ ഇന്റർനാഷണൽ മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും യാഥാർഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതിനായി രൂപീകരിച്ച സ്പെഷൽ പർപ്പസ് വെഹിക്കിളിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ എന്നിവയുടെ കരടിന് അംഗീകാരം നൽകി. കന്പനീസ് ആക്ട് സെക്ഷൻ 8 അനുസരിച്ചുള്ള കന്പനിയാണ് തുടക്കത്തിൽ രൂപീകരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഇതിന്റെ സാന്പത്തിക മാതൃക തീരുമാനിക്കും.
സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവേകുന്ന ഇന്ത്യയിലെതന്നെ ഏറ്റവും ആധുനികമായ ഓഷ്യനേറിയവും കേരളത്തിന്റെ സന്പന്നമായ കടൽമാർഗ ചരിത്രം വ്യക്തമാക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള മാരിടൈം മ്യൂസിയവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
എറണാകുളം വൈപ്പിനിലാണ് മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും സ്ഥാപിക്കുക.ആരോഗ്യ വകുപ്പിലെ തസ്തികകളെക്കുറിച്ചു പഠനം നടത്തി ആവശ്യമായ കുറവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി 28 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
12 ദന്തൽ ഹൈജീനിസ്റ്റ് ഗ്രേഡ്-2, 16 കാത്ത്ലാബ് ടെക്നീഷ്യൻ ഗ്രേഡ്-2 തസ്തികകളാണ് അനുവദിച്ചത്. കാത്ത് ലാബ് ടെക്നീഷ്യന്മാരുടെ കുറവുമൂലം പല ആശുപത്രികളുടെയും പ്രവർത്തനം തടസപ്പെട്ടിരുന്ന സാഹചര്യം കണക്കിലെടുത്താണ്, സാന്പത്തിക പ്രതിസന്ധിക്കിടയിലും ഈ തസ്തികകൾ അനുവദിച്ചത്.