കൊച്ചി: പുതിയ ബിസിനസുകള്‍ തുടങ്ങുന്നതിനും അതിനുള്ള ലൈസന്‍സുകള്‍ നേടിയെടുക്കുന്നതിനുമുള്ള നടപടികള്‍ പുതിയ സര്‍ക്കാര്‍ കൂടുതല്‍ വേഗത്തിലാക്കണമെന്ന് സതേണ്‍ ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (സിക്കി) കേരള ആവശ്യപ്പെട്ടു.
ചെറുകിട ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ടൂറിസം ബിസിനസുകള്‍ എന്നിവയ്ക്കു സവിശേഷ പിന്തുണ നല്‍കണം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, പരിസ്ഥിതിസൗഹൃദമായ ശുദ്ധ ഊര്‍ജം, കൃഷിയിലെ പുതിയ സാങ്കേതികവിദ്യകള്‍ (അഗ്രിടെക്), ആരോഗ്യമേഖലയിലെ നവീകരണം എന്നിവയില്‍ ശ്രദ്ധിച്ചാല്‍ കേരളം രാജ്യത്തിനുതന്നെ മാതൃകയാകും.
വ്യവസായമേഖലകളെ ബന്ധിപ്പിക്കുന്ന കോറിഡോറുകള്‍, തുറമുഖ വികസനം, യുവാക്കള്‍ക്കുള്ള തൊഴില്‍ നൈപുണ്യ പരിശീലനം എന്നിവയില്‍ കൂടുതല്‍ നിക്ഷേപം വരണം.
സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്കും പുതിയ സംരംഭങ്ങള്‍ വളര്‍ന്നുവരുന്നതിനും സര്‍ക്കാരുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ സിക്കി കേരള പൂര്‍ണമായും സന്നദ്ധമാണെന്ന് ചെയര്മാന് ഡോ. തോമസ് പൗലോസ് നെച്ചുപ്പാടം പറഞ്ഞു.
ശക്തമായ ജനപിന്തുണയോടെ വന്ന പുതിയ സര്‍ക്കാര്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വ്യവസായ വികസനത്തിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വലിയ ഊര്‍ജം പകരുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Tags : New Business Sikki Kerala licensing process expedited