കോട്ടയം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനും തെരഞ്ഞെടുപ്പ് നടപടികളുടെ സുരക്ഷയ്ക്കുമായി പോലീസ് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 32 സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ കീഴിലും രണ്ട് പട്രോളിംഗ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോളിംഗ് ബൂത്തുകള്‍ കേന്ദ്രീകരിച്ച് ഗ്രൂപ്പ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡിവൈഎസ്പിമാരുടെ കീഴിലുള്ള സ്ട്രൈക്കര്‍ ഫോഴ്സുകളും ജില്ലാ പോലീസ് മേധാവി നേരിട്ട് നിയന്ത്രിക്കുന്ന സ്ട്രൈക്കര്‍ ഫോഴ്സും പ്രവര്‍ത്തിക്കുന്നുണ്ട്. 4577 പോലീസ് ഉദ്യോഗസ്ഥരെയാണ് ക്രമസമാധാന പാലത്തിനും സുരക്ഷയ്ക്കുമായി നിയോഗിച്ചിട്ടുള്ളതെന്ന് ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് പറഞ്ഞു. 14 ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 1717 സ്പെഷല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണു പോലീസ് സേനയെ വിന്യസിക്കുന്നത്.
പോളിംഗിനുശേഷം കളക്ഷന്‍ സെന്ററുകളിലാണ് വോട്ടിംഗ് മെഷീനുകള്‍ എത്തിക്കുക. നാലു മണ്ഡലങ്ങളില്‍ കളക്ഷന്‍ സെന്ററില്‍ തന്നെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.