അടൂര്‍: ഏഴംകുളത്ത് വീണ്ടും തെരുവുനായ ആക്രമണം. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ കടിയേറ്റത് 11 പേര്‍ക്ക്.ഇന്നലെ വൈകുന്നേരം ആറോടെ ഏഴംകുളത്തും പരിസരപ്രദേശങ്ങളിലുമായി പത്തോളം പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പലരും തലനാരിഴയ്ക്കാണ് ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെട്ടത്. ആക്രമണത്തിന് ഇരയായവരില്‍ നാലുപേര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഏഴംകുളം കുന്നത്തുപാറയില്‍ സിദ്ധാര്‍ഥ് (16), ചരുവിളയില്‍ ശാമുവല്‍ (78), മാങ്കൂട്ടം അനീഷ് ഭവനത്തില്‍ പ്രജിത (31), കോല്‍ക്കത്ത സ്വദേശി ഉപ്പല്‍ (30) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
കടിയേറ്റ മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രികളിലും മറ്റുമായി ചികിത്സ തേടി. ഏഴംകുളം ഭാഗത്തേക്കുള്ള കാല്‍നടയാത്രക്കാര്‍ക്കും വീടുകള്‍ക്ക് മുമ്പില്‍ നിന്നവര്ക്കുമൊക്കെയാണ് നായയുടെ കടിയേറ്റത്.
ശനിയാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചിരുന്നു. കൊച്ചുറോഡ് കിഴക്കേതില്‍ ഷിഹാദ്-ഷാഹിന ദമ്പതികളുടെ മകന് മുഹമ്മദ് റംസാനാണ് ഗുരുതരമായി പരിക്കേറ്റത്. സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് നായ്ക്കള്‍ കുട്ടിയെ ആക്രമിച്ചത്. തല, കവിള്, പുറം എന്നിവയുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടിക്ക് കടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുഞ്ഞിനെ ഓടയില്‍ തള്ളിയിട്ട് നായക്കൂട്ടം ആക്രമിക്കുകയായിരുന്നു.
ഏഴംകുളത്തും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇതിനെതിരേ അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എബിസി പദ്ധതി അടക്കം നിലച്ചിരിക്കുന്ന ഘട്ടത്തില്‍ നായ്ക്കളെ എന്തു ചെയ്യണമെന്നറിയാതെ പഞ്ചായത്തും നട്ടംതിരിയുകയാണ്. ജില്ലയൊട്ടാകെ തെരുവുനായ നിയന്ത്രണത്തിന് ഏകോപനം ഉണ്ടാകണമെന്നാണ് പ്രാദേശിക തലത്തില്‍ ആവശ്യമുയരുന്നത്.