പയ്യന്നൂര്‍: തീർഥാടന കേന്ദ്രമായ ഏഴിമല ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാളിന് ഇടവക വികാരി ഫാ. ജെസ്റ്റിന് എടത്തില്‍ കൊടിയേറ്റിയതോടെ തുടക്കമായി. തുടര്‍ന്നു നടന്ന ദിവ്യബലിക്ക് ഫാ. റോയി നെടുന്താനം മുഖ്യകാര്‍മികത്വം വഹിച്ചു.
ഇന്നുമുതല്‍ വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്ക് മോണ്‍. ആന്റണി പയസ്, ഫാ. മാത്യു തൈക്കന്‍, ഫാ. ഷിജോ ഏബ്രഹാം, ഫാ. ജിനോ ചക്കാലക്കല്‍, ഫാ. ലിന്റോ സ്റ്റാന്‍ലി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. എട്ടിനു രാവിലെ ഒന്പതിനു നടക്കുന്ന ദിവ്യബലിക്ക് ഈശോസഭാ വൈദികരും ഒന്പതിനു വൈകുന്നേരം ആറിനു നടക്കുന്ന ദിവ്യബലിക്ക് ഫാ. വിപിന്‍ വില്യമും കാര്‍മികരാകും.
തിരുനാള്‍ ജാഗരമായ 10ന് വൈകുന്നേരം അഞ്ചിനു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. സന്തോഷ് വില്യം മുഖ്യകാർമികത്വം വഹിക്കും. തുടര്‍ന്ന് ലൂര്‍ദ്മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് കുരിശുമുക്കിലെ കപ്പേളയിലേക്ക് വിശ്വാസ പ്രഘോഷണയാത്ര. ഡോ. ജോയ് പൈനാടത്ത് തിരുനാള്‍ സന്ദേശം നല്‍കും.
തിരുനാള്‍ ദിവസമായ 11ന് രാവിലെ 10.30ന് നടത്തുന്ന ആഘോഷമായ തിരുനാള്‍ സമൂഹബലിക്ക് കണ്ണൂര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ക്ലാരന്‍സ് പാലിയത്ത് പ്രധാന കാര്‍മികത്വം വഹിക്കും. ലോക രോഗീദിനമായ അന്ന് ശാരീരികവും മാനസികവുമായ രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥനകളും ദിവ്യകാരുണ്യ പ്രദക്ഷിണവും നേര്‍ച്ച ഭക്ഷണ വിതരണവും നടക്കും. രാത്രി 7.30ന് കോഴിക്കോട് സൂപ്പര്‍ ബ്രാൻഡ് ഓര്‍ക്കസ്ട്രയുടെ മെഗാഷോ അരങ്ങേറും.