ന്യൂഡൽഹി: വിദേശസംഭാവന നിയന്ത്രണ ഭേദഗതി ബിൽ (എഫ്സിആർഎ) പരിശോധിക്കുന്ന പാർലമെന്ററി സംയുക്ത സമിതിയുടെ (ജെപിസി) നടപടികളിലെ സുതാര്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷ അംഗങ്ങൾ.
വിവിധ സംഘടനകൾ സമർപ്പിച്ച നിവേദനങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിലും യോഗനടപടികൾ രേഖപ്പെടുത്തുന്നതിലും ഗുരുതരമായ വീഴ്ചകളുണ്ടെന്നാരോപിച്ച് പ്രതിപക്ഷ എംപിമാർ സമിതി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളിന് നിവേദനം നൽകി. സെപ്റ്റംബർ22നും നവംബർ 18നുമിടയിൽ ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ മതസ്ഥാപനങ്ങൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, എൻജിഒകൾ എന്നിവയുൾപ്പടെയുള്ളവരിൽനിന്നു ലഭിച്ച 12 നിവേദനങ്ങളുടെ പട്ടിക ചൂണ്ടിക്കാട്ടി രാജ്യസഭാ എംപി പി. വിൽസൺ അധ്യക്ഷന് പ്രത്യേക കത്തും കൈമാറി.
ഇതിനു പുറമെ പരാതികളും ആശങ്കകളും അറിയിച്ച പല സംഘടനകൾക്കും മറുപടി ലഭിച്ചിട്ടില്ലെന്നും സമിതിക്കു മുന്നിൽ നേരിട്ടു ഹാജരായി അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. സാക്ഷികളെ തെരഞ്ഞെടുക്കുന്നതിൽ സുതാര്യമായ മാനദണ്ഡങ്ങളില്ലെന്നു വിമർശിച്ച പ്രതിപക്ഷം ലഭിച്ച എല്ലാ നിവേദനങ്ങളുടെ പകർപ്പുകളും അവയിലെടുത്ത നടപടികളുടെ വിശദാംശങ്ങളും അംഗങ്ങൾക്കു നൽകണമെന്നും, പരാതികൾ സ്വീകരിക്കാൻ പുതിയ സമയപരിധി നിശ്ചയിച്ച് പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
സമിതി യോഗങ്ങളിലെ ചർച്ചകൾ രേഖപ്പെടുത്തുന്ന രീതിക്കെതിരേ എ. രാജ, ക്യാപ്റ്റൻ വിരിയാറ്റോ ഫെർണാണ്ടസ്, പി. വിൽസൺ, ആന്റോ ആന്റണി, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയ എംപിമാർ ഒപ്പിട്ട മറ്റൊരു നിവേദനവും സഞ്ജയ് ജയ്സ്വാളിനു നൽകിയിട്ടുണ്ട്.
അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങളും സാക്ഷികൾ നൽകുന്ന മറുപടികളും യോഗത്തിന്റെ മിനിറ്റ്സിൽ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് കത്തിൽ ആരോപിക്കുന്നു. ഇതുവരെ നടന്ന എല്ലാ യോഗങ്ങളുടെയും വിശദമായ മിനിറ്റ്സും പകർപ്പുകളും എത്രയും വേഗം അംഗങ്ങൾക്കു വിതരണം ചെയ്യണമെന്നും ഭാവിയിൽ യോഗനടപടികൾ പൂർണമായി രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. മൺസൂൺ സമ്മേളനത്തിൽ ബില്ലിനെ സംബന്ധിച്ച റിപ്പോർട്ട് നൽകാനാണു ജെപിസി ശ്രമിക്കുന്നത്. നടപടിയിലെ തിടുക്കത്തെപ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്.
ബില്ല് പൂർണമായും പിൻവലിക്കണമെന്നആവശ്യം സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ മാത്യു കോയിക്കലിന്റെ നേതൃത്വത്തിലുള്ള സംഘം ജെപിസിക്കു മുന്നിൽ വീണ്ടും ഉന്നയിച്ചു. ഇതു രണ്ടാം തവണയാണ് സിബിസിഐ സംഘം ജെപിസിക്കുമുന്നിൽ ഹാജരായി സഭയുടെ നിലപാട് വ്യക്തമാക്കുന്നത്.