കോട്ടയം: കര്‍ഷകര്‍ക്കു സബ്സിഡി നിരക്കില്‍ രാസവളം വാങ്ങുന്നതിനായി ഫ്രെയിംവര്‍ക്ക് ഫോര്‍ ഫെര്‍ട്ടിലൈസര്‍ സെയില്‍ (എഫ്എഫ്എസ്) ആപ്പ് ജില്ലയിലും നിര്‍ബന്ധമാക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ജൂണ്‍ മുതല്‍ പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണു ഡിസംബര്‍ 15 മുതല്‍ കോട്ടയം ഉള്‍പ്പടെയുള്ള ജില്ലയില്‍ ആപ്പ് നിര്‍ബന്ധമാക്കുന്നത്.
15നുശേഷം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ക്കു സബ്സിഡിയോടെ രാസവളം ലഭിക്കില്ല. രാജ്യത്ത് രാസവളം വില്പന കാര്യക്ഷമമാക്കുന്നതിനായി കേന്ദ്ര രാസവസ്തു രാസവളം, കര്‍ഷകക്ഷേമ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ ബുക്കിംഗ്, വിതരണ സംവിധാനമാണ് എഫ്എഫ്എസ്.
സബ്സിഡി നിരക്കിലുള്ള രാസവളങ്ങള്‍ യഥാര്‍ഥ കര്‍ഷകർക്കുതന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, കര്‍ഷകര്‍ക്കു കടകളില്‍ പോയി തിരക്കുണ്ടാക്കാതെ സൗകര്യപ്രദമായ രീതിയില്‍ രാസവളം വാങ്ങുക, ഭൂമിയുടെയും വിളയുടെയും അടിസ്ഥാനത്തിലുള്ള വളം വിതരണം. കൃഷി ചെയ്യുന്ന ഭൂമിക്കനുസരിച്ചുള്ള വളം ശാസ്ത്രീയമായി നിശ്ചയിച്ചു നല്‍കുക, വളത്തിന്റെ അനധികൃത വില്പന തടയുക എന്നിവയാണ് പുതിയ സംവിധാനത്തിന്റെ നേട്ടങ്ങള്‍.
മൂന്നു വിഭാഗത്തിലുള്ള കര്‍ഷകര്‍ക്ക് ആപ്പിലുടെ രാസവളം സബ്സിഡിയോടെ വാങ്ങാന്‍ സാധിക്കും. അഗ്രിസ്റ്റാക്ക് രജിസ്ട്രേഷന് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പാട്ടക്കര്‍ഷകര്‍ക്കും വളം വാങ്ങാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൃഷി ഓഫീസര്‍മാര്‍ പറയുന്നു.
പോരായ്മകളുണ്ടെന്ന് കര്‍ഷകര്‍
എഫ്എഫ്എസ് ആപ്പിലൂടെ വളം വാങ്ങാന്‍ പുതിയ ഫോണ്‍ വേണമെന്ന് കര്‍ഷകര്‍. ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ പുതിയ വേര്‍ഷന്‍ സ്മാര്‍ട്ട് ഫോണ്‍ വേണം. സ്മാര്‍ട്ട് ഫോണ്‍ ഉള്ളവരില്‍ സാങ്കേതിക പരിജ്ഞാനം കുറഞ്ഞവര്‍ക്ക് ആപ്പ് കൈകാര്യം ചെയ്യുന്നതിനു ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്.
ആപ്പില്‍ രജിസ്റ്റര്‍ചെയ്ത് ഭൂമിയുടെയും വിളകളുടെയും വിവരം നല്കുമ്പോള് വളം സ്റ്റോക്കുള്ള കടകളുടെ ലിസ്റ്റും കാണുകയാണ് ചെയ്യുന്നത്. ഇതില്‍ നിന്നും കട സെലക്റ്റ് ചെയ്തു വാങ്ങുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇതിനു പുറമെ കര്‍ഷകര്‍ക്കു ലഭിക്കുന്ന ക്യുആര്‍ കോഡ് ടോക്കണു മൂന്നുദിവസം മാത്രമേ കാലാവധിയുള്ളൂ. ഇതിനുള്ളില്‍ വാങ്ങിയില്ലെങ്കില്‍ വീണ്ടും രജിസ്റ്റര്‍ചെയ്തു പുതിയ കോഡ് ടോക്കണ്‍ എടുക്കണം. ഇതെല്ലാം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.
സഹായവുമായി കൃഷിഭവനുകള്‍
ഫ്രെയിംവര്‍ക്ക് ഫോര്‍ ഫെര്‍ട്ടിലൈസര്‍ സെയില്‍ (എഫ്എഫ്എസ്) ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വളം വാങ്ങുന്നതിനുള്ള ക്യുആര്‍ കോഡ് ടോക്കണ്‍ നേടിയെടുക്കുന്നതിനും കര്‍ഷകര്‍ക്കുള്ള പരിശീലനം കൃഷഭവനുകളുടെ നേതൃത്വത്തില്‍ നല്‍കിവരികയാണ്. ടോക്കണ്‍ ലഭിച്ചാല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഡിപ്പോയില്‍ എത്തി വളം വാങ്ങണം.
ഇതിനു സാധിക്കാതെ വന്നാല്‍ വീണ്ടും ടോക്കണ്‍ എടുക്കണം. ഇക്കാര്യങ്ങളിലും അഗ്രിസ്റ്റാക്ക് രജിസ്ട്രേഷന് ഇല്ലാത്തവര്‍ക്കും പാട്ടക്കര്‍ഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പരിശീലനമാണ് നല്‍കുന്നത്. ഇതിനു പുറമെ വളം വില്‍ക്കുന്ന ഡീലര്മാക്കുള്ള പരിശീലനവും നല്‍കുന്നുണ്ട്. ക്യുആര്‍ കോഡ് ടോക്കണുകളുമായി എത്തുന്ന കര്‍ഷകര്‍ക്കു വളം നല്കുന്നതിനെക്കുറിച്ചാണ് പരിശീലനം നല്‍കുന്നത്.