റബാത്ത് (മൊറോക്കോ): ലോകകപ്പ് മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങൾ വിറ്റഴിക്കാനുള്ള വിവാദ നീക്കം പരാജയപ്പെട്ടതിനു പിന്നാലെ, സ്ഥാനം സംരക്ഷിക്കാനുള്ള തീവ്രശ്രമവുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ.
പ്രക്ഷുബ്ധമായ അന്തരീക്ഷത്തിനിടെ സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഇൻഫാന്റീനോ ഇന്നലെ മൊറോക്കോയിലെ റബാത്തിൽ വിളിച്ചുചേർത്തു.
അടുത്ത ഏഴു മാസത്തേക്ക് പദവിയിൽ തുടരുകയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സമവായം കണ്ടെത്തുകയുമാണ് യോഗത്തിലൂടെ ഇൻഫാന്റീനോ ലക്ഷ്യമിടുന്നത്.
ഫിഫയുടെ വാണിജ്യ അവകാശങ്ങളുടെ 20 ശതമാനം വിഹിതം സ്വകാര്യ നിക്ഷേപകർക്കു വിറ്റ് 420 കോടി ഡോളർ കണ്ടെത്താനായിരുന്നു ഇൻഫാന്റീനോയുടെ നീക്കം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടുംബവുമായി ബന്ധമുള്ള കമ്പനിക്ക് ഇതിൽ പങ്കാളിത്തമുണ്ടെന്ന റിപ്പോർട്ടുകളും ശക്തമായ എതിർപ്പിനു കാരണമായി. യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ അടക്കമുള്ള പ്രമുഖ കൂട്ടായ്മകൾ ശക്തമായി രംഗത്തുവന്നതോടെ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.
വിവാദ പദ്ധതി ഉപേക്ഷിച്ചെങ്കിലും ഇൻഫാന്റീനോയ്ക്കെതിരേയുള്ള നീക്കങ്ങൾ ശക്തമായി തുടരുകയാണ്. യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ ഇൻഫാന്റീനോയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പ്രഖ്യാപിച്ചു.
വെയിൽസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ അദ്ദേഹത്തിനുള്ള പിന്തുണ പിൻവലിച്ചു. ഇംഗ്ലണ്ടും പിന്തുണ പിൻവലിക്കുമെന്നാണ് സൂചന. ഫുട്ബോളിന്റെ ആത്മാവിനെ വിൽക്കാനാണ് ഇൻഫാന്റീനോ ശ്രമിച്ചതെന്ന് യുവേഫ ആരോപിച്ചു.
അടുത്ത വർഷം മാർച്ച് മാസം മൊറോക്കോയിൽ നടക്കുന്ന ഫിഫ കോൺഗ്രസിൽ നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനുള്ള ഇൻഫാന്റീനോയുടെ സാധ്യതകൾക്ക് ഈ വിവാദം കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
43 ഫിഫ അംഗരാജ്യങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാൽ ഇൻഫാന്റീനോയെ പുറത്താക്കാൻ പ്രത്യേക ജനറൽ ബോഡി യോഗം വിളിച്ചുചേർക്കാൻ സാധിക്കും. 55 അംഗങ്ങളുള്ള യുവേഫയ്ക്ക് തനിയെ ഇതിനു മുൻകൈയെടുക്കാം.