ന്യൂഡൽഹി: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികൾക്കെതിരേയുള്ള ലൈംഗിക പീഡന ഉള്ളടക്കങ്ങൾ പ്രചരിച്ച സംഭവത്തിൽ മെറ്റ ഇന്ത്യക്കെതിരേ ഡൽഹി പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കർശന നിർദേശപ്രകാരമാണു ഡൽഹി പൊലിസിന്റെ സ്പെഷ്യൽ സെല്ലിന്റെ നടപടി.
കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമ ദൃശ്യങ്ങളും ഉള്ളടക്കങ്ങളും പ്ലാറ്റ്ഫോമിൽ പ്രചരിപ്പിച്ചുവെന്ന പരാതിയെത്തുടർന്ന് 2000ലെ ഐടി നിയമത്തിലെ സെക്ഷൻ 67, 67ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കഴിഞ്ഞ എട്ടിന് എഫ്ഐആർ രേഖപ്പെടുത്തിയത്.
മെറ്റയുടെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിച്ച അസഭ്യമായ പത്തോളം ഉള്ളടക്കങ്ങളുടെ ലിങ്കുകൾ പരാതിയിൽ വ്യക്തമായി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാനും പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങളുടെ സ്വഭാവം കണ്ടെത്താനും പൊലിസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിരുന്നു.