കോൽക്കത്ത: റെജിനഗർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് തൃണമൂൽ കോൺഗ്രസിലെ മമത ബാനർജി വിഭാഗം സ്ഥാനാർഥി റബിയുൾ ആലം ചൗധരി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ പുതിയ ചിഹ്നം പരിചയപ്പെടുത്തുന്നതിന് വീടുവീടാന്തരം കയറിയുള്ള പ്രചാരണം ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മത്സരരംഗത്തുനിന്ന് പിന്മാറുന്നുവെന്ന് ആദ്യം പ്രഖ്യാപിച്ച റബിയൂൾ പിന്നീട് തന്റെ തീരുമാനം തിരുത്തുകയായിരുന്നു.
മമതയാണ് തങ്ങളുടെ നേതാവെന്നും അവരുടെ നിർദേശപ്രകാരം ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ തങ്ങൾ സജ്ജമാണെന്നും റബിയുൾ ആലം ചൗധരി പറഞ്ഞു. വോട്ടെടുപ്പ് ദിനത്തിൽ പൊലിസ് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ, മമത നേതൃത്വം നൽകുന്ന പക്ഷത്തിന് മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരിക്കുന്നത്. ഫുട്ബോൾ കളിക്കാരാനാണ് പാർട്ടിക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം. അരുപ് റോയി നേതൃത്വം നൽകുന്ന മറുവിഭാഗത്തിന് ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസെന്നാണ് പേരുനൽകിയിരിക്കുന്നത്.
എജെയുപി അധ്യക്ഷൻ ഹുമയൂൺ കബീർ രാജിവച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 59,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഹുമയൂൺ കബീർ വിജയിച്ച മണ്ഡലത്തിൽ ഇത്തവണ അദ്ദേഹത്തിന്റെ മകൻ ഗുലാം നബി ആസാദാണ് എജെയുപി സ്ഥാനാർഥി.