കൊച്ചി: വന്യജീവി ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് ന്യായവും യുക്തിസഹവുമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നു ഹൈക്കോടതി.
1980ലെ നഷ്ടപരിഹാര ചട്ടങ്ങളിലേതുപോലെ സംസ്ഥാനസര്‍ക്കാര്‍ നല്‍കേണ്ട ഏറ്റവും കുറഞ്ഞ തുകയ്ക്കു പകരം മനുഷ്യജീവന്റെ മൂല്യവും പരിക്കിന്റെയും നഷ്ടത്തിന്റെയും തീവ്രതയും കണക്കാക്കി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. അല്ലാത്തപക്ഷം കോടതികള്‍ക്ക് ഇടപെടാനുള്ള അധികാരമുണ്ടെന്ന് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് വ്യക്തമാക്കി.
കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന് കൊല്ലപ്പെട്ട സംഭവത്തില്‍ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം 20,000 രൂപയില്‍നിന്ന് 1.98 ലക്ഷമായി ഉയര്‍ത്തിയ സുല്‍ത്താന്‍ ബത്തേരി സബ്കോടതി ഉത്തരവും അതു ശരിവച്ച വയനാട് ജില്ലാകോടതി വിധിയും ചോദ്യം ചെയ്തു വനംവകുപ്പ് നല്കിയ അപ്പീല്‍ ഹര്‍ജി തള്ളിയാണ് നിരീക്ഷണം.
സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി 2001ല്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് ചാമപ്പാറ സ്വദേശി സ്കറിയയുടെ ഭാര്യ സാറമ്മയും മക്കളും നല്കിയ ഹര്‍ജിയിലാണ് കോടതികളുടെ ഉത്തരവുണ്ടായത്.