വത്തിക്കാൻ സിറ്റി: വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും കലാവൈഭവത്തിന്റെയും നാലു നൂറ്റാണ്ട് പിന്നിട്ടു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക. ലോകത്തിലെ ഏറ്റവും വലിയ പള്ളിയും ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെയും സഞ്ചാരികളുടെയും പ്രധാന ആകർഷണകേന്ദ്രവുമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ കൂദാശയുടെ 400-ാം വാർഷികം നാളെ ആഘോഷിക്കുകയാണ്.
ഇതോടനുബന്ധിച്ച് നാളെ ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. പ്രാദേശിക സമയം വൈകുന്നേരം അഞ്ചിനാണ് (ഇന്ത്യൻ സമയം നാളെ രാത്രി 9.30) തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നത്. 2026 ഫെബ്രുവരി 20ന് ആരംഭിച്ച ഒരു വർഷം നീണ്ടുനിന്ന വാർഷികാഘോഷ പരിപാടികളുടെ സമാപനംകൂടിയാണിത്.
ഈശോമിശിഹായുടെ ശിഷ്യനും സഭയുടെ പ്രഥമ മാർപാപ്പയുമായി ആദരിക്കപ്പെടുന്ന വിശുദ്ധ പത്രോസിന്റെ കബറിടത്തിനു മുകളിലാണ് ഈ മഹാദേവാലയം ഉയർന്നുനിൽക്കുന്നത്. എഡി 64ൽ നീറോ ചക്രവർത്തിയുടെ ഭരണകാലത്തു രക്തസാക്ഷിയായ വിശുദ്ധ പത്രോസിനെ അടക്കം ചെയ്ത സ്ഥലത്ത് എഡി 326ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ് ആദ്യത്തെ ബസിലിക്ക നിർമിച്ചത്.
ഏകദേശം 1,200 വർഷത്തോളം നിലനിന്ന പഴയ പള്ളി കാലപ്പഴക്കത്താൽ ജീർണിച്ചതോടെ പുതിയ പള്ളി നിർമിക്കാൻ 1505ൽ ജൂലിയസ് രണ്ടാമൻ മാർപാപ്പ തീരുമാനിക്കുകയായിരുന്നു. 1506ൽ അദ്ദേഹം പുതിയ ബസിലിക്കയുടെ നിർമാണത്തിനു തറക്കല്ലിടുകയും ചെയ്തു. ബ്രമാന്തെ, റാഫേൽ, മൈക്കലാഞ്ചലോ, ബെർണീനി തുടങ്ങി നവോത്ഥാന കാലഘട്ടത്തിലെ അതുല്യ പ്രതിഭകൾ പല ഘട്ടങ്ങളിലായി നിർമാണത്തിനും രൂപകല്പനയ്ക്കും നേതൃത്വം നൽകി.
120 വർഷത്തിലേറെ നീണ്ട പ്രയത്നത്തിനൊടുവിൽ 1626 നവംബർ 18ന് ഊർബൻ എട്ടാമൻ മാർപാപ്പയാണ് നിലവിലെ ബസിലിക്ക ഔദ്യോഗികമായി കൂദാശ ചെയ്തത്. 611 അടി നീളവും 448 അടി ഉയരമുള്ള താഴികക്കുടവുമുള്ള പള്ളി വാസ്തുവിദ്യയുടെയും ശില്പകലയുടെയും അപൂർവ വിസ്മയമാണ്. പള്ളിനിർമാണവുമായി ബന്ധപ്പെട്ട ചരിത്രരേഖകൾ ആർക്കൈവുകളിൽ സൂക്ഷിച്ചിട്ടുണ്ട്.
വിശ്വാസികളുടെ തീർഥാടനകേന്ദ്രം
കാലം മാറിയിട്ടും ബസിലിക്കയുടെ ആത്മീയപ്രാധാന്യത്തിന് കുറവുണ്ടായിട്ടില്ല. 2025ലെ ‘പ്രത്യാശയുടെ ജൂബിലി’ വർഷത്തിൽ 185 രാജ്യങ്ങളിൽനിന്നായി ഏകദേശം 3.35 കോടി ആളുകളാണ് ബസിലിക്ക സന്ദർശിച്ചത്. സാധാരണ ദിവസങ്ങളിൽ മാത്രം 40,000ത്തോളം സന്ദർശകർ എത്താറുണ്ട്. യുനെസ്കോയുടെ ലോകപൈതൃക സ്മാരകംകൂടിയായ ഈ പള്ളി പ്രതിവർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രണ്ടു കോടിയിലധികം വിശ്വാസികൾ സന്ദർശിക്കുന്നുണ്ട്.
നാല് നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും സെന്റ് പീറ്റേഴ്സ് ബസിലിക്ക വെറുമൊരു ചരിത്രസ്മാരകമല്ല. വിശുദ്ധ പത്രോസിന്റെ സ്മരണയും ക്രൈസ്തവ വിശ്വാസത്തിന്റെ പാരമ്പര്യവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികളെ ഒരുമിപ്പിക്കുന്ന ആത്മീയകേന്ദ്രവുമാണ് ഈ മഹാദേവാലയം. ചരിത്രവും വിശ്വാസവും കലയും സംഗമിക്കുന്ന ഈ പുണ്യസ്ഥലം ഇന്നും ലോകത്തിന്റെ ആത്മീയ ഹൃദയമായി നിലകൊള്ളുന്നു.
വാസ്തുവിദ്യയുടെ വിസ്മയം
വിശുദ്ധ പത്രോസിന്റെ കബറിടത്തിനു മുകളിൽ നിർമിച്ച സെന്റ് പീറ്റേഴ്സ് ബസിലിക്ക നവോത്ഥാന-ബറോക് വാസ്തുവിദ്യാ ശൈലികളുടെ മകുടോദാഹരണമാണ്. നവോത്ഥാന കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ ഇറ്റാലിയൻ വാസ്തുശില്പിയും ചിത്രകാരനുമായിരുന്ന ദൊണാത്ത ബ്രമാന്തെ രൂപകല്പനയോടെ ആരംഭിച്ച ബസിലിക്കയുടെ നിർമാണത്തിൽ മൈക്കലാഞ്ചലോ (136 മീറ്റർ ഉയരമുള്ള താഴികക്കുടം), കാർലോ മദെർണോ (മുൻഭാഗവും കുരിശാകൃതിയിലുള്ള വിപുലീകരണവും) ജാൻ ലൊറേൻസോ ബെർണീനി (വെങ്കലനിർമിതമായ മേൽക്കട്ടിയോടു കൂടിയ അൾത്താരയും ചത്വരവും) എന്നിവരുടെ സംഭാവനകൾ നിർണായകമാണ്. വാർഷികത്തോടനുബന്ധിച്ച് സ്വിസ് കലാകാരൻ മാനുവൽ ഡ്യൂർ രൂപകല്പന ചെയ്ത പുതിയ കുരിശിന്റെ വഴി ഫെബ്രുവരി 20ന് ബസിലിക്കയിൽ സ്ഥാപിച്ചിരുന്നു.
കൂടുതൽ സൗകര്യങ്ങൾ
വാർഷികാഘോഷങ്ങളുടെ ഭാഗമായി തീർഥാടകർക്കും സന്ദർശകർക്കുമായി നിരവധി പുതിയ സൗകര്യങ്ങളും പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സന്ദർശകർക്കു വൈദികരുമായി സംസാരിക്കാനും ആത്മീയമായ സംശയങ്ങളും ആശങ്കകളും പങ്കുവയ്ക്കാനുമുള്ള പ്രത്യേക ‘ലിസണിംഗ് സ്പേസ്’ ആണ് ഇതിൽ ശ്രദ്ധേയം.
പള്ളിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാൽ ഏഴു യൂറോ നൽകി ഓൺലൈനായി പ്രവേശനം ബുക്ക് ചെയ്യാം. താഴികക്കുടത്തിന്റെ മുകളിലെത്താനും നൂറോളം മാർപാപ്പമാരെ അടക്കം ചെയ്തിരിക്കുന്ന ഭൂഗർഭ കല്ലറകൾ സന്ദർശിക്കാനും ത്രിമാന ദൃശ്യാവിഷ്കാരങ്ങൾ കാണാനുമുള്ള സൗകര്യങ്ങളുമുണ്ട്. മേൽക്കൂരയിലെ കഫേ വിപുലീകരിക്കുന്നതിനും ചെറിയ താഴികക്കുടങ്ങൾക്കു ചുറ്റുമുള്ള ഭാഗങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിനും പദ്ധതികളുണ്ട്.