National
ന്യൂഡൽഹി: നാളെ ആരംഭിക്കുന്ന സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന വ്യാജ പ്രചാരണത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ. സംഭവത്തിൽ പരാതി നൽകുമെന്നും ബോർഡ് വ്യക്തമാക്കി.
വിദ്യാർഥികൾക്കിടയിൽ ആശങ്കയുണ്ടാക്കാനുള്ള ആസൂത്രിതമായ ശ്രമമാണെന്നും സിബിഎസ്ഇ വ്യക്തമാക്കി. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.
Movies
ദിലീപിന്റെ സിനിമകളൊന്നും വിജയിപ്പിക്കില്ലെന്ന് പറഞ്ഞ് തന്റെ പേരിൽ വരുന്ന വ്യാജവാർത്തകൾക്കെതിരെ ഡിജിപിക്ക് പരാതി നൽകി നടിയും ഡബ്ബിംഗ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന വാചകത്തോടൊപ്പം തന്റെ ഫോട്ടോയും ഉപയോഗിച്ച് വാർത്ത പ്രചരിപ്പിച്ചുവെന്നാണ് ഭാഗ്യലക്ഷ്മി പരാതിയിൽ പറയുന്നത്.
കഴിഞ്ഞ 51 വർഷമായി മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും ഇല്ലെന്നും ഇത് തന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി.
പരാതിയുടെ പൂർണരൂപം
സർ, എന്റെ പേര് ഭാഗ്യലക്ഷ്മി.
കഴിഞ്ഞ 51 വർഷമായി മലയാള സിനിമ രംഗത്ത് ഡബ്ബിംഗ് ആർടിസ്റ്റ് ആയി പ്രവർത്തിക്കുന്നു. ഈ കഴിഞ്ഞ മൂന്ന് ദിവസമായി തത്സമയം മീഡിയ എന്ന ഓൺലൈൻ മീഡിയ ‘ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ എന്ന വാചകത്തോട് കൂടി എന്റെ ഫോട്ടോയും വെച്ചുകൊണ്ട് ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ (ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം) പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടു.
അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും എനിക്കില്ല ഞാൻ ചെയ്യുകയുമില്ല. മാത്രമല്ല യുഡിഎഫ് കൺവീനർ ആയ അടൂർ പ്രകാശനെതിരെ ഞാൻ നിയമ നടപടിക്ക് ഒരുങ്ങുന്നു എന്ന വാർത്തയും ഇതേ മീഡിയയിൽ എന്റെ പേരിൽ പ്രചരിപ്പിക്കുന്നുണ്ട്.
ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്റെ സത്യ സന്ധമായ സാമൂഹിക പ്രവർത്തനത്തെ സമൂഹത്തിന് മുൻപിൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും, ദിലീപ് എന്ന നടന്റെ ഫാൻസിനെ കൊണ്ട് എന്നെ തെറി വിളിപ്പിക്കാൻ വേണ്ടിയും മാത്രമാണ് എന്ന് ഞാൻ സംശയിക്കുന്നു.
ആയതിനാൽ ഇത്തരം തെറ്റായ വാർത്തകൾ മാത്രം പ്രചരിപ്പിക്കുന്ന തത്സമയം മീഡിയ എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ കർശനമായ നടപടി എടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എന്ന്
വിശ്വസ്തതയോടെ ഭാഗ്യലക്ഷ്മി