സമൂഹമാധ്യമങ്ങളിൽ തന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളോടു പ്രതികരിച്ച് നടിയും അവതാരകയുമായ ജുവൽ മേരി. കാൻസർ മൂലം ശബ്ദം നഷ്ടപ്പെട്ട് അത്യാസന്ന നിലയിലാണ് താരമെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.
2023ലാണ് തനിക്ക് ക്യാൻസർ വന്നതെന്നും ഇപ്പോൾ പൂർണ ആരോഗ്യവതിയാണെന്നും ജുവൽ വ്യക്തമാക്കി.
ജുവൽ മേരിയുടെ വാക്കുകൾ
‘‘രണ്ടു ദിവസമായി എന്റെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളെ ഒന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്.
ചത്തിട്ടില്ല മക്കളെ ഞാൻ ചത്തിട്ടില്ല! രണ്ടു ദിവസമായി ‘എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല’ എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന് എന്റെ അടിയന്തരത്തിന്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്.
പക്ഷേ, നമ്മൾ ഫിനിഷ്ഡ് അല്ല. 2023ൽ എനിക്ക് വന്ന ക്യാൻസറിനെ കുറിച്ച് ‘കേരള ക്യാൻ’ എന്ന പരിപാടിയിൽ എനിക്കു സംസാരിക്കേണ്ടി വന്നു.
അവിടെ പറഞ്ഞ കാര്യങ്ങൾ എടുത്ത് ഇപ്പോൾ ഞാൻ അങ്ങനെയാണെന്നുള്ള ധ്വനിയോട് കൂടി തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻസ് കൊടുത്ത് എന്നെ കൊന്നടക്കാൻ വേണ്ടി തയാറെടുത്തുകൊണ്ടിരിക്കുന്ന ഓൺലൈൻ സഹോദരന്മാരോട്, എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല.
ഞാൻ മരിച്ചിട്ടില്ല. നല്ല ജീവനോടെ സന്തോഷത്തോടെ ഇവിടെ തന്നെയുണ്ട്. അപ്പോൾ ഇനി ആ വാർത്ത അങ്ങോട്ട് വിട്ടേര്! എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര് എനിക്ക് വേണ്ടി ടെൻഷൻ അടിക്കുകയും വിളിക്കുകയും എനിക്ക് എന്തു പറ്റി എന്ന് അന്വേഷിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഒന്നും പറ്റിയില്ല, ഹാപ്പിയാണ്! അപ്പോൾ നിങ്ങൾ ഹാപ്പി ആയിട്ട് ഇരിക്കുക!’’
2023ലാണ് ജുവലിനു തൈറോയ്ഡ് കാൻസർ ആണെന്നു കണ്ടെത്തുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം താൻ പൂർണ ആരോഗ്യവതിയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ തന്നെ താരം വെളിപ്പെടുത്തിയിരുന്നു.
Tags : Jewel Mary fake news responds