ചിത്രത്തിന്റെ പൂജാ ചടങ്ങിൽ തൃഷ.
തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകർക്ക് ആവേശമായി തൃഷ, രാധിക ശരത്കുമാർ, അപർണ ബാലമുരളി എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം. ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് പനോരമ സ്റ്റുഡിയോസ് ആണ്. മിസ്റ്ററിയും സസ്പെൻസും സമന്വയിക്കുന്ന സൈക്കോളജിക്കൽ ഹൊറർ ത്രില്ലറാണ് ഒരുങ്ങുന്നത്. 'എയർലിഫ്റ്റ്', 'ഷെഫ്' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ സമ്മാനിച്ച രാജാ കൃഷ്ണ മേനോനാണു ചിത്രത്തിന്റെ സംവിധായകൻ. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രവും സൈക്കോളജിക്കൽ ഹൊറർ വിഭാഗത്തിലുള്ള ആദ്യ പരീക്ഷണവുമാണിത്. പൂജ ചടങ്ങുകൾക്കുശേഷം ചിത്രീകരണം ആരംഭിച്ചു.
ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് തമിഴിലേക്കു ചുവടുവയ്ക്കുന്ന ചിത്രം കൂടിയാണിത്. ലോക്കോമോട്ടീവ് ഗ്ലോബലുമായി സഹകരിച്ച് ഫ്യൂഷൻ ഫ്ലിക്സ്, ലോക്കോമോട്ടീവ് ഗ്ലോബൽ എന്നിവയുടെ ബാനറിലാണു നിർമാണം. അജയ് ദേവ്ഗണിന്റെ 'ദൃശ്യം' ഫ്രാഞ്ചൈസിയിലൂടെ ശ്രദ്ധേയരായ പനോരമ സ്റ്റുഡിയോസ്, മലയാളത്തിൽ ഭാവനയുടെ 'അനോമി', കുഞ്ചാക്കോ ബോബന്റെ 'ഉന്മാദം' എന്നീ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഫഹദ് ഫാസിൽ, നിവിൻ പോളി എന്നിവരുമായി മൾട്ടി-ഫിലിം കരാറുകളിൽ ഒപ്പിട്ട ഇവർ ആസിഫ് അലിയുടെ 'ടിക്കി ടാക്ക', ടൊവിനോ തോമസിന്റെ 'മുമ്പേ' എന്നീ ചിത്രങ്ങളുമായും സഹകരിക്കുന്നുണ്ട്.
അടുത്തിടെ തിയറ്ററുകളിലെത്തി 300 കോടിയിലധികം നേടിയ 'കറുപ്പ്' എന്ന ചിത്രത്തിനു ശേഷം തൃഷയുടേതായി ഒരുങ്ങുന്ന വൻ പ്രോജക്റ്റാണിത്. ചിരഞ്ജീവിക്കൊപ്പമുള്ള 'വിശ്വംഭര'യാണു താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.
Tags : Enterytainment TrishaKrishnan RadhikaSarathkumar AparnaBalamurali panoramStudios