അജയൻ അടാട്ട്, ചിത്രത്തിന്റെ പോസ്റ്റർ
ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി രതീഷ് വേഗ ഒരുക്കുന്ന ഓപ്പറേഷൻ ത്രാൾ ടീസർ വീഡിയോയിൽ വിദ്വേഷ കമന്റുമായി സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും സൗണ്ട് ഡിസൈനറുമായ അജയൻ അടാട്ട്.
സംഭവത്തിൽ പ്രതിഷേധവുമായി ചിത്രത്തിന്റെ സംവിധായകൻ രംഗത്തെത്തി. ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് വിവരങ്ങൾ പങ്കുവച്ചുകൊണ്ട് ആർ.കെ. വിക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ‘ഓപ്പറേഷൻ ത്രാൾ ടീസറിന്റെ സൗണ്ട് ഡിസൈന്’ മേക്കിംഗ് വീഡിയോയുടെ താഴെയാണ് അജയൻ അടാട്ട് വിവാദ കമന്റ് കുറിച്ചത്.
‘‘അയ്യേ ആർഎസ്എസ് ...’ എന്നായിരുന്നു അജയന്റെ പ്രതികരണം. ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിലെ സൗണ്ട് ഡിസൈനിംഗിന് 53-ാമത് സംസ്ഥാന അവാർഡും പണി എന്ന ചിത്രത്തിന് 54-ാമത് സംസ്ഥാന അവാർഡും നേടിയ പ്രമുഖ സാങ്കേതിക പ്രവർത്തകനിൽ നിന്ന് ഇത്തരമൊരു പ്രതികരണം വന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
അജയന്റെ കമന്റിനെതിരെ രൂക്ഷമായ ഭാഷയിലാണ് ചിത്രത്തിന്റെ സംവിധായകനായ രതീഷ് വേഗ പ്രതികരിച്ചത്. ‘‘താങ്കളിൽ നിന്ന് ഇത്തരമൊരു കമന്റ് കാണുന്നത് തികച്ചും നിരാശാജനകമാണ്, പ്രത്യേകിച്ച് ഇതേ ഇൻഡസ്ട്രിയിൽ തന്നെ ജോലി ചെയ്യുന്ന ഒരാളിൽ നിന്ന്. ഒരു പ്രോജക്റ്റ് നിർമിക്കുന്നതിന് എത്രത്തോളം കഠിനാധ്വാനവും ശ്രമവും ആവശ്യമാണെന്ന് താങ്കൾക്ക് അറിയാമല്ലോ. വിമർശനങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുന്നു, എന്നാൽ സഹപ്രവർത്തകരായ കലാകാരന്മാരോട് നമ്മൾ കുറച്ചെങ്കിലും ബഹുമാനം കാണിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.’’ രതീഷ് വേഗ കുറിച്ചു.
എം. ജി. രാധാകൃഷ്ണന്റെ മകനും പ്രമുഖ സൗണ്ട് എൻജിനിയറുമായ എം. ആർ. രാജകൃഷ്ണനും പ്രതിഷേധവുമായി എത്തി. ‘‘നിങ്ങളിൽ നിന്ന് ഇത്തരമൊന്ന് കാണുമ്പോൾ എനിക്ക് ശരിക്കും ആശ്ചര്യം തോന്നുന്നു... ഈ ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകൻ എന്ന നിലയിൽ, പ്രതികരിക്കേണ്ട രീതി ഇതാണോ?.. ഈ കമന്റിന് പിന്നിലെ കാരണം എന്താണെന്ന് ശരിക്കും അറിയാൻ ആഗ്രഹമുണ്ട്,’’ എന്ന് രാജകൃഷ്ണൻ കുറിച്ച്. നിരവധി പേരാണ് അജയനെ വിമർശിച്ച് കമന്റുമായി എത്തുന്നത്.
Tags : Sound designer Ajayan adattu ratheesh vega operation tral jayasurya