Movies
മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന ആട് 3 പാർട്ട് 1 : വൺ ലാസ്റ്റ് റൈഡ് എന്ന ബിഗ് ബഡ്ജറ്റ് എപ്പിക് ഫാന്റസി ചിത്രത്തിന്റെ റിലീസ് തീയതി ഒരിക്കൽ കൂടി ഉറപ്പിച്ച് നിർമാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും.
നേരത്തെ അറിയിച്ചിരുന്നത് പോലെ ഈ മാസം 19നു തന്നെ ചിത്രം ആഗോള റിലീസായി എത്തുമെന്ന് അവർ ഔദ്യോഗിക വാർത്താ കുറിപ്പിൽ അറിയിച്ചു. ഗൾഫിൽ നടന്നുവരുന്ന യുദ്ധ സമാനമായ സാഹചര്യത്തിൽ സമ്മർ റിലീസായി എത്തുന്ന ആട് 3 ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങളുടെ റിലീസ് തീയതി മാറ്റിയേക്കുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ് തങ്ങളുടെ ചിത്രം പറഞ്ഞ ദിവസം തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി ആട് 3 ടീം എത്തിയത്.
വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാന്റസി ചിത്രം നിർമിക്കുന്നത്.
2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗോള തലത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ തങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും, ഒട്ടേറെ പ്രേക്ഷകർ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട സംശയങ്ങളുമായി തങ്ങളെ സമീപിക്കുന്നുണ്ട് എന്നും നിർമാതാക്കൾ പറഞ്ഞു.
ഈ പ്രത്യേക സാഹചര്യത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച ശേഷം, ഇപ്പോൾ വലിയ വെല്ലുവിളി നേരിടുന്ന മലയാള സിനിമക്ക് ഒപ്പം നിന്ന് കൊണ്ട്, പറഞ്ഞ തീയതിയിൽ തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തങ്ങളുടെ തീരുമാനം എന്നും അവർ അറിയിച്ചു.
പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്നത്.
വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്നും ട്രെയിലർ കാണിച്ചുതരുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് "ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്". മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018 , അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്നുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിട്ടുണ്ട്. 22 ചിത്രങ്ങൾ ഇതിനു മുൻപ് നിർമിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാമത്തെ ചിത്രമാണ് ആട് 3. പിആർഒ ആൻഡ് മാർക്കറ്റിംഗ്- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വാഴൂർ ജോസ്.
Sports
കൊളംബോ: ശ്രീലങ്കന്‍ പുരുഷ ക്രിക്കറ്റ് ടീം മുഖ്യപരിശീലക സ്ഥാനത്തുനിന്ന് സനത് ജയസൂര്യ പടിയിറങ്ങുന്നു. 2026 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ എട്ടില്‍ ഒരു ജയംപോലും ഇല്ലാതെ ടീം പുറത്തായതോടെയാണ് ജയസൂര്യയുടെ തീരുമാനം.
രണ്ട് മാസം മുമ്പുതന്നെ മുഖ്യപരിശീലക സ്ഥാനത്ത് ദീര്‍ഘകാലം തുടരാന്‍ ആഗ്രഹമില്ലെന്ന് ജയസൂര്യ പറഞ്ഞിരുന്നു. സൂപ്പര്‍ എട്ട് ഗ്രൂപ്പ് രണ്ടില്‍ പാക്കിസ്ഥാന് എതിരായ അഞ്ച് റണ്‍സ് തോല്‍വിക്കു പിന്നാലെയാണ് ജയസൂര്യ തന്റെ തീരുമാനം അറിയിച്ചത്.
അതേസമയം, ഈ മാസം 13 മുതല്‍ അഫ്ഗാനിസ്ഥാന് എതിരായ വൈറ്റ് ബോള്‍ ക്രിക്കറ്റ് പരമ്പരയ്ക്കു മുമ്പ് ടീം വിടുമോ എന്ന കാര്യം ജയസൂര്യ വ്യക്തമാക്കിയില്ല. ഈ വര്‍ഷം ജൂണ്‍വരെയാണ് ജയസൂര്യയുടെ കരാര്‍.
Kerala
കൊച്ചി: സിഐഎസ്എഫ് വന്ദേമാതരം തീരദേശ സൈക്ലത്തോൺ കൊച്ചിയിൽ സമാപിച്ചു. 25 ദിവസം നീണ്ടുനിന്ന സൈക്ലത്തോൺ, രാജ്യത്തെ പൂര്‍വ, പശ്ചിമ തീരപ്രദേശങ്ങളിലൂടെ 6,553 കിലോമീറ്ററുകളാണു പിന്നിട്ടത്.
സമാപനച്ചടങ്ങിൽ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാർ മുഖ്യാതിഥിയായിരുന്നു. സിഐഎസ്എഫ് ഡയറക്ടർ ജനറൽ പ്രവീർ രഞ്ജൻ, മുതിർന്ന ഉദ്യോഗസ്ഥർ, ചലച്ചിത്രതാരങ്ങളായ ജയസൂര്യ, മേജർ രവി, വിജയ് ബാബു, പ്രയാഗ മാർട്ടിൻ, മാനസ രാധാകൃഷ്ണൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയൻ, ഇന്ത്യൻ ബാഡ്മിന്റൺ പരിശീലകൻ ജോയ് ടി. ആന്റണി എന്നിവർ പങ്കെടുത്തു.
Kerala
കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പു കേസില്‍ നടന് ജയസൂര്യയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡി. 39 ലക്ഷത്തിന്റെ സ്വത്തുകളാണ് ഇഡി മരവിപ്പിച്ചത്. ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്ന ജയസൂര്യയെ രണ്ടു തവണ കൊച്ചിയിലെ ഓഫീസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.
തട്ടിപ്പിലൂടെ സേവ് ബോക്സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയും ഉള്‍പ്പെട്ടിരുന്നു. ആപ്പുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ ഹാജരാക്കാന്‍ ജയസൂര്യയ്ക്കു സമയം അനുവദിച്ചിരുന്നു. നൂറോളം പേരില്‍നിന്നു കോടികള്‍ തട്ടിയ ആപ്പ് ഉടമയായ തൃശൂര്‍ സ്വദേശി സ്വാതിക് റഹീമിനെ 2023ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യ സരിത ജയസൂര്യയുടെയും പേരിലുളള അക്കൗണ്ടുകളിലേക്കു പല ഘട്ടങ്ങളായി ഈ സ്ഥാപനത്തില്‍നിന്നു വന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതു തട്ടിപ്പുമായി ബന്ധപ്പെട്ട പണമായതിനെത്തുടര്‍ന്നാണ് സ്വത്ത് മരവിപ്പിച്ചത്.
Movies
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ആട് 3യിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു. ആട് 3 യിലെ പ്രധാന കഥാപാത്രങ്ങളായ ജയസൂര്യ (ഷാജി പാപ്പൻ), വിനായകൻ (ഡ്യൂഡ്) സണ്ണി വെയ്ൻ (മ്പാത്താൻ സേവ്യർ), സൈജു കുറുപ്പ് (അറക്കൽ ബാപ്പു), ഇന്ദ്രൻസ് (പി.പി. ശശി), ധർമ്മജൻ ബോൾഗാട്ടി (ക്യാപ്റ്റൻ ക്ലീറ്റസ്), വിജയ് ബാബു (സർബത്ത് ഷബീർ) എന്നിവരുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടത്.
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവർ നിർമിക്കുന്ന ഈ ചിത്രം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
ഇവർക്കൊപ്പം ഹോളിവുഡിൽ നിന്നുള്ള അലിയാ ഭൗം കാത്തെ ലാറ എന്ന സുപ്രധാനമായ കഥാപാത്രത്തേയും അവതരിപ്പിക്കുന്നു. മലമ്പുഴ, വാളയാർ, ചിറ്റൂർ എന്നിവിടങ്ങളിലും ഇടുക്കി, ഗോപിച്ചെട്ടിപ്പാളയം, തിരുച്ചെന്തൂർ എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.
അജു വർഗീസ്, ആൻസൺ പോൾ, രൺജി പണിക്കർ, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, സുധി കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ -കോസ്റ്റ്യും - ഡിസൈൻ-സ്റ്റെഫി സേവ്യർ -സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ - കൊളിൻസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ. പിആർഒ-വാഴൂർ ജോസ്.
Movies
ജയസൂര്യ നായകനായെത്തുന്ന ആട് 3യുടെ ക്യാരക്ടർ പോസ്റ്റുകള്‍ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമായാണ് ആട് 3 എത്തുന്നത്. ഒരു ടൈംട്രാവൽ കഥയുമായാണ് സംവിധായകൻ മിഥുൻ മാനുവല്‍ തോമസ് എത്തുന്നത് എന്നാണ് ക്യാരക്റ്റർ പോസ്റ്ററുകൾ നൽകുന്ന സൂചന.
ഭൂതകാലം ഉണരുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്തുവിട്ടത്.
ജയസൂര്യ, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനായകൻ, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തുവന്നിരിക്കുന്നത്. ആട് സിനിമയുടെ മുൻ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഇത്തവണ ഷാജി പാപ്പനും സംഘവും എത്തുന്നത്.
Movies
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് ഒരുക്കുന്ന കത്തനാർ ചിത്രത്തിന്റെ ട്രെയിലറിനെപ്പറ്റി വാചാലനായി അഖിൽ സത്യൻ.
ചിത്രത്തിന്റെ ട്രെയിലർ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും തനിക്ക് അത് കാണാൻ സാധിച്ചെന്നും മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവമാണ് ട്രെയിലർ സമ്മാനിച്ചതെന്നും അഖിൽ കുറിച്ചു.
‘‘കത്തനാറിന്റെ ട്രെയിലർ കാണാൻ സാധിച്ചു. മലയാളസിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണത്. അവിശ്വസനീയമായ ഒന്ന്. റോജിൻ തോമസിനെയും നീൽ ഡി കുഞ്ഞനെയും ഓർത്ത് അഭിമാനിക്കുന്നു. ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്കു നിങ്ങൾ മലയാള സിനിമയെ എത്തിച്ചിരിക്കുന്നു.’’ അഖിൽ പറഞ്ഞു.
മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ബ്രഹ്മാണ്ഡ ദൃശ്യവിസ്മയമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന സൂചന അഖിൽ സത്യന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.
ഹോം എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ 75 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
220 ദിവസത്തോളം ഷൂട്ടിംഗ് നടന്ന ചിത്രത്തിന്റെ നിർമാണം ഗോകുലം ഗോപാലനാണ്. ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രം 15 ഭാഷകളിൽ റിലീസ് ചെയ്യും. ജയസൂര്യയ്ക്കു പുറമെ അനുഷ്ക ഷെട്ടി, പ്രഭുദേവ തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.
Kerala
കൊച്ചി:ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്സ് ആപ്പ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ പ്രതികരിച്ച് നടന് ജയസൂര്യ. ഏഴിന് വീണ്ടും ഹാജരാകണമെന്ന സമന്‍സ് തനിക്ക് ലഭിച്ചിട്ടില്ലെന്നും നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് താനെന്നുമാണ് ജയസൂര്യ സമൂഹമാധ്യമത്തില്‍ കുറിച്ചത്.
24ന് ഹാജരാകണം എന്ന സമന്‍സ് കിട്ടിയപ്പോള്‍ ഹാജരായിരുന്നു. 29നും ഹാജരാകണം എന്ന് പറഞ്ഞു. അതിനും തങ്ങള്‍ ഹാജരായിരുന്നു. അല്ലാതെ ഏഴിന് വീണ്ടും ഹാജരാകാനുളള സമന്‍സ് ഇതുവരെയും ലഭിച്ചിട്ടില്ല.
പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ നാളെ എന്തൊക്കെ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് ആര്‍ക്കെങ്കിലും ഇന്ന് ഊഹിക്കാന്‍ സാധിക്കുമോ എന്ന് ജയസൂര്യ ചോദിക്കുന്നു. എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവില്‍ അടയ്ക്കുന്ന ഉത്തരവാദിത്വപ്പെട്ട ഒരു സാധാരണ പൗരനാണ് താനെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
ജയസൂര്യയുടെ അക്കൗണ്ടില്‍ പണം എത്തിയതായി കണ്ടെത്തല്‍
നടന് ജയസൂര്യ ഒരുകോടിയോളം രൂപ കൈപ്പറ്റിയതായി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തല്‍. കേസിലെ മുഖ്യപ്രതി സ്വാതിഖ് റഹീമിന്റെ അക്കൗണ്ടില്‍നിന്ന് നടന്റേയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തിയതായാണ് കണ്ടെത്തല്‍.
കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമാണിതെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. എന്നാല്‍, നടന്റെ ബാങ്ക് അക്കൗണ്ട്, കരാര്‍ എന്നിവയില്‍ ഇഡി വീണ്ടും പരിശോധന നടത്തും. ഏഴിന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
സ്വാതിഖിന് സിനിമ മേഖലയിലുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നതിനാല്‍ കൂടുതല്‍ സിനിമ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം ഇഡി പരിശോധിക്കുന്നുണ്ട്. ജയസൂര്യ പ്രതിഫലമായി സ്വീകരിച്ച പണം തട്ടിപ്പിലൂടെ സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാല്‍ ഇത് കണ്ട്കെട്ടുന്ന നടപടികളും ഇഡി സ്വീകരിക്കും. പണമിടപാടുകളുടെ പൂര്‍ണ രേഖകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് നടന് ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചത്. സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോയെന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു.
തൃശൂര്‍ സ്വദേശിയായ സ്വാതിഖ് റഹിം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്. 2023ലാണ് ആപ്പിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കോടികള്‍ തട്ടിയെടുത്ത കേസില്‍ സ്വാതിഖ് പോലീസിന്റെ പിടിയിലായി.
Movies
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ തുടർഭാഗങ്ങളിലൊന്നാണ് ആട് 3. ചിത്രത്തിന്റെ ഏറ്റവും പ്രധാനഘടകം തന്നെ ഷാജിപാപ്പനും പിള്ളേരുമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ ലൊക്കേഷൻ ചിത്രത്തിൽ ‘കുട്ടൻ മൂങ്ങ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹൻ ഇല്ല. പകരം ഫുക്രുവാണുള്ളത്.
വിന്നേഴ്സ് പോത്തുമുക്ക് 3.0 എന്ന അടിക്കുറിപ്പോടെ ഫുക്രുവും ചിത്രം പങ്കുവച്ചു. ഇതോടെ സിനിമയിൽ ഫുക്രുവിന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് ആരാധകർ.
ഷാജി പാപ്പൻ ലുക്കിൽ ജയസൂര്യയും അറയ്ക്കൽ അബുവിന്റെ ലുക്കിൽ സൈജു കുറുപ്പും പ്രധാന ആകർഷണമായുണ്ട്. അതേസമയം കുട്ടൻ മൂങ്ങ എവിടെ എന്നാണ് ആരാധകരുടെ ചോദ്യം. ‘മൂങ്ങ’യില്ലാത എന്ത് വിന്നേഴ്സ് പോത്തുമുക്ക് എന്നും ആരാധകർ ചോദിക്കുന്നു.
Movies
എട്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും ഷാജി പാപ്പനായി മേക്കപ്പ് അണിഞ്ഞ് ജയസൂര്യ ആട് 3 ലൊക്കേഷനിലെത്തി. ഷാജി പാപ്പന്റെ ട്രേഡ് മാർക്ക് മുണ്ടും ഷർട്ടുമണിഞ്ഞ് കൊന്തയും ഇട്ട് കൂളിംഗ് ഗ്ലാസുമിട്ട് ജയസൂര്യ എത്തിയപ്പോൾ കൈയടികളോടെയാണ് ഏവരും സ്വീകരിച്ചത്.
2015ലാണ് ‘ആട്’ സിനിമയുടെ ആദ്യ ഭാഗം റിലീസിനെത്തുന്നത്. 10 വർഷങ്ങൾക്കുശേഷം ഷാജി പാപ്പന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
Movies
ഷാജി പാപ്പന്റെ മൂന്നാം വരവ് വെറും വരവായിരിക്കില്ല എന്ന സൂചനയുമായാണ് ‘ആട് 3’യുടെ റിലീസ് പ്രഖ്യാപന പോസ്റ്റർ എത്തിയിരിക്കുന്നത്. ടൈം ട്രാവൽ ആകും സിനിമയുടെ പ്രത്യേകതയെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.
ഏറ്റവും പുതിയ പോസ്റ്ററിൽ 'ഭൂതകാലം വർത്തമാനമായി മാറുമ്പോൾ, ഭാവി ഭൂതകാലത്തെ മാറ്റുന്നു' എന്നാണ് കുറിച്ചിരിക്കുന്നത്. അതുപോലെ ജയസൂര്യയുടെ പിറന്നാൾ ദിനത്തിൽ പങ്കുവച്ച പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
‘‘പാപ്പോയ്.. എല്ലാ ലോകങ്ങളിലും എല്ലാ കാലങ്ങളിലും ഹാപ്പി ബർത്തഡേ’’ എന്നാണ് പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പങ്കുവച്ച പോസ്റ്റർ. ഈ പോസ്റ്ററുകളിലൂടെയാണ് സിനിമ ടൈം ട്രാവൽ ആണെന്ന് ആരാധകർ ഉറപ്പിച്ചിരിക്കുന്നത്.
ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. മിഥുൻ തന്നെയാണ് ആട് 3യുടെ തിരക്കഥ ഒരുക്കുന്നത്.
സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസ് എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് നിർമാണം. സിനിമ അടുത്ത വർഷം മാർച്ച് 19 ന് റിലീസ് ചെയ്യും.
വലിയ മുതൽമുടക്കിൽ അമ്പതുകോടിയോളം രൂപ മുടക്കു മുതലിൽ നിർമിക്കുന്ന ഈ ചിത്രം കഴിഞ്ഞ രണ്ടു ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫാന്റസി - കോമഡി പശ്ചാത്തലത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. വലിയ കൗതുകങ്ങളാണ് ചിത്രത്തിനു പിന്നിൽ ഒളിപ്പിച്ചിരിക്കുന്നത്. നിരവധി വിദേശ താരങ്ങളുടെ സാന്നിധ്യവും ഈ ചിത്രത്തിലുണ്ട്.
നിരവധി ഷെഡ്യൂകളിലായി നൂറ്റിയറുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമാതാവ് വിജയ് ബാബു പറഞ്ഞു.
പാലക്കാട്ട് ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിൽ ജയസൂര്യയ്ക്കൊപ്പം സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമജൻ ബോൾഗാട്ടി, സുധി കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവർ അണിനിരക്കുന്നു.
സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം അഖിൽ ജോർജ്. എഡിറ്റിംഗ് ലിജോ പോൾ. കലാസംവിധാനം അനീസ് നാടോടി. മേക്കപ്പ് റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ സ്റ്റെഫി സേവ്യർ. സ്റ്റിൽസ് വിഷ്ണു എസ്. രാജൻ. പബ്ളിസിറ്റി ഡിസൈൻ കൊളിൻസ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര. പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ. പാലക്കാടിനു പുറമേ ഇടുക്കി, തൊടുപുഴ, തേനി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും. പിആർഓ വാഴൂർ ജോസ്.
Movies
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന കത്തനാർ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടൻ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.
റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ.രാമാനന്ദ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ആണ് ചിത്രം എത്തുക എന്ന പ്രതീക്ഷയാണ് ഫസ്റ്റ് ലുക്ക് സമ്മാനിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഗ്ലിംപ്സ് വിഡിയോ വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്.
ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി ‘കത്തനാർ’ മാറുമെന്നും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ഗ്ലിംപ്സ് എന്നിവ സൂചിപ്പിക്കുന്നു.
തെലുങ്ക് സൂപ്പർ നായികാ താരം അനുഷ്ക ഷെട്ടി, തമിഴിൽ നിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവൻ ഫെയിം), മലയാളത്തിൽ നിന്ന് സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതിൽ അധികം ഭാഷകളിലായി രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുന്നത്.
ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, എഡിറ്റിംഗ് - റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ - രാജീവൻ, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിംഗ്സൺ, വിഎഫ്എക്സ് സൂപ്പർവൈസർ - വിഷ്ണു രാജ്, വിർച്വൽ പ്രൊഡക്ഷൻ ഹെഡ് - സെന്തിൽ നാഥ്, കലാ സംവിധാനം - അജി കുട്ടിയാനി, രാം പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനക്കൽ, പിആർഒ - ശബരി, വാഴൂർ ജോസ്.
Movies
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവത്തിൽ നിന്നും പിന്നീട് ജീവിതം തന്നെ മാറിമറയാം. അതു മറയ്ക്കാൻ ഒരു കള്ളം പറയും. പിന്നീട് കള്ളങ്ങളുടെ ഒരു മറ തന്നെ വേണ്ടിവരും. അവിടേക്ക് ഒരു അന്വേഷണം ഉണ്ടാകുന്പോൾ പലപ്പോഴും നമ്മൾ നിസഹായരാകും.
ബിഗ്സ്ക്രീനിൽ അന്വേഷണം എന്ന ചിത്രം പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത് എവിടൊക്കെയോ ചില ഓർപ്പെടുത്തലുകളിലേക്കും ചില നോവുകളിലേക്കുമാണ്. ഒപ്പം നമുക്കിടയിലേക്കു തന്നെ ഒരു അന്വേഷണവും എത്തിനോട്ടവുമൊക്കെയാണ്.
ലില്ലി എന്ന സിനിമ ഒരുക്കി തന്റെ വരവറിയിച്ച പ്രശോഭ് വിജയൻ എന്ന സംവിധായകൻ തന്റെ രണ്ടാം ചിത്രവുമായി വന്നപ്പോൾ വളരെ മെച്ചപ്പെട്ടു കഴിഞ്ഞു. ആദ്യ ചിത്രത്തിൽ വയലൻസും നിസഹായതയും ത്രില്ലർ സ്വഭാവത്തിൽ ചേർത്തിണക്കിയപ്പോൾ രണ്ടാം ചിത്രത്തിൽ വൈകാരികതയെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്.
പ്രേക്ഷകരെ നോവിച്ചുകൊണ്ടു കഥ പറയാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുമുണ്ട്. ഒരു സിനിമയ്ക്കുള്ള സംഗതിയുണ്ടോ എന്നു ചിന്തിക്കാവുന്ന സബ്ജക്ടിനെ വളരെ സിനിമാറ്റിക്കായി പുതിയൊരു ആഖ്യാന ശൈലിയിലൂടെ ഒരുക്കിയതാണ് അന്വേഷണത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്.