കണ്ണൂർ: തനിക്കെതിരെ ചില മാധ്യമങ്ങൾ വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്നും അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിപിഎം നേതാവ് പി.കെ. ശ്രീമതി. ചില ഓൺലൈൻ ചാനലുകളാണ് ഇതിന് പിന്നിലെന്നും എന്തിനാണ് തന്നെ ഇങ്ങനെ വേട്ടയാടുന്നതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് പി.കെ. ശ്രീമതി ചോദിച്ചു.
കേട്ടാൽ ആരും വിശ്വസിച്ചുപോകുന്ന തരത്തിൽ അതീവ മലിനമായ രീതിയിലാണ് വാർത്തകൾ നൽകുന്നത്. കഴിഞ്ഞ 50 വർഷമായി താൻ ഈ സമൂഹത്തിൽ പൊതുപ്രവർത്തനം നടത്തുന്ന ആളാണ്. ഇത്തരമൊരു വാർത്ത കൊടുക്കുന്നതിന് മുൻപ് ഇതിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് തന്നോട് ഒരു വാക്ക് പോലും ചോദിക്കാൻ തയാറായില്ലെന്നും അവർ കുറ്റപ്പെടുത്തി.
ഒരു പൊതുപ്രവർത്തക എന്ന നിലയിൽ സമൂഹത്തിൽ എന്നെ അപമാനിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നത്. തനിക്കെതിരെ പലപ്പോഴും ഇത്തരം തെറ്റായ വാർത്തകൾ ഉണ്ടായിട്ടുണ്ട്. ഈ തെളിവുകളെല്ലാം ശേഖരിച്ച് അഭിഭാഷകനെ ഏൽപ്പിച്ചിട്ടുണ്ടെന്നും ശ്രീമതി പറഞ്ഞു.