കൊച്ചി: പവര്‍ കട്ടിനിടെ സ്വിമ്മിംഗ് പൂളില്‍ വീണ യുവതി മരിച്ചു. മിസോറം സെര്‍ച്ചിപ്പ് ബങ്ത്ലാംഗ് സ്വദേശിയും പാലാരിവട്ടത്തെ സലൂണ്‍ ആന്‍ഡ് സ്പായിലെ ജീവനക്കാരിയുമായി ലാല്ബിയാക്ഫെലി (സിന്ദി 30) ആണു മരിച്ചത്. മണിമല റോഡിലെ സ്നൂസ് ലിവിംഗ് അപ്പാര്‍ട്ട്മെന്റില്‍ ബുധനാഴ്ച രാത്രി 9.40ഓടെയായിരുന്നു സംഭവം.
അപ്പാര്‍ട്ട്മെന്റില്‍ പാര്‍ട്ടി നടക്കുന്നതിനിടെ മൂന്നാം നിലയിലെ സ്വിമ്മിംഗ് പൂളിനു സമീപത്തേക്കു പോയ സിന്ദി വൈദ്യുതി നിലച്ച സമയത്ത് പൂളിലേക്ക് വീഴുകയായിരുന്നു. വീഴ്ച ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പാര്‍ട്ടിയിൽ പങ്കെടുത്ത ഒരാള്‍ മടങ്ങാന്‍ നേരത്ത് സിന്ദിയെ കാണാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പൂളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സിന്ദി മദ്യപിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് മാസം മുമ്പാണ് ഇവര്‍ പാലാരിവട്ടത്തെ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.